ക്ഷേത്രത്തിന് തറക്കല്ലിടാന്‍ വിളിച്ചില്ലെന്ന് പരിതപിക്കുന്നവര്‍ക്ക് പറ്റിയ ഇടമല്ല കോണ്‍ഗ്രസ്; രൂക്ഷവിമര്‍ശനവുമായി ടി എന്‍ പ്രതാപന്‍ എംപി
കോണ്‍ഗ്രസുകാര്‍ക്ക് മാതൃക നെഹ്റുവും ഗാന്ധിയും ആസാദും പട്ടേലുമാണ്. അല്ലാതെ സവര്‍ക്കറും ഗോഡ്സേയുമല്ല. സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ 'മത രഷ്ട്രീയ' ഇവന്റിന് പോയില്ലെങ്കില്‍ കോണ്‍ഗ്രസിനോ ഭാരതത്തിന്റെ ആത്മാവിനോ ഒരു ചുക്കും സംഭവിക്കാനില്ല.
കോഴിക്കോട്: അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് വിളിക്കാത്തതിന് പരിഭവം അറിയിച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവും എംപിയുമായ ടി എന്‍ പ്രതാപന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കമല്‍നാഥ്, ദിഗ്‌വിജയ് സിങ് തുടങ്ങിയ നേതാക്കള്‍ അയോധ്യയില്‍ രാമക്ഷേത്രം പണിയുന്നതിനെ സ്വാഗതം ചെയ്തുരംഗത്തുവന്ന പശ്ചാത്തലത്തിലാണ് പ്രതാപന്റെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയാണ് ബാബരി മസ്ജിദ് തകര്‍ത്തതിനെതിരേയും സംഘപരിവാറിനെതിരേയും അദ്ദേഹം ആഞ്ഞടിച്ചത്. കോണ്‍ഗ്രസുകാര്‍ക്ക് മാതൃക നെഹ്റുവും ഗാന്ധിയും ആസാദും പട്ടേലുമാണ്. അല്ലാതെ സവര്‍ക്കറും ഗോഡ്സേയുമല്ല.
സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ 'മത രഷ്ട്രീയ' ഇവന്റിന് പോയില്ലെങ്കില്‍ കോണ്‍ഗ്രസിനോ ഭാരതത്തിന്റെ ആത്മാവിനോ ഒരു ചുക്കും സംഭവിക്കാനില്ല. ഭൂതകാലത്തില്‍ വന്നുപോയ പിഴവുകള്‍ കണ്ടെത്തി ചങ്കുറപ്പോടെ തലയുയര്‍ത്തി നടക്കാനാവണം. 'തന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് വന്നാലും സത്യം പറയാതിരിക്കില്ല' എന്ന് ഉറപ്പിക്കുന്ന രാഹുല്‍ ഗാന്ധി തന്നെ നമുക്ക് മാതൃകയല്ലേ ? എന്ന് പ്രതാപന്‍ കുറിപ്പിലൂടെ ചോദിക്കുന്നു. കോണ്‍ഗ്രസിന് വലുത് മൂല്യങ്ങളാണെന്ന് മറക്കരുത്. അധികാരത്തിന് വേണ്ടി എന്തുമാവാമെന്നാണെങ്കില്‍ അത് കോണ്‍ഗ്രസില്‍ നിന്നുതന്നെ വേണമെന്ന് ചിന്തിക്കുകയുമരുത്.
ഇന്ത്യക്ക് ഹൈന്ദവതയും ഇസ്‌ലാമും ക്രിസ്തുമതവും സിഖ് മതവും തുടങ്ങി എല്ലാ മതങ്ങളും വേണമെന്നാകിലും ഈ പറഞ്ഞ ഒരു മതത്തിന്റെ പേരിലും നടക്കുന്ന ഒരു തരം ഭീകരതയും നല്ലതല്ല. അത് കാലമത്രയും ഈ ഭൂമിയെ മരുഭൂമിയാക്കുകയേ ചെയ്തിട്ടുള്ളൂ. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗാന്ധി വധം പോലെ, ബാബരി ധ്വംസനം പോലെ ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ വേറെ സംഭവങ്ങളില്ലെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്.
രണ്ടിന്റെയും പിന്നില്‍ ഇന്ത്യാ ഉപഭൂഖണ്ഡം കണ്ടതില്‍വച്ച് ഏറ്റവും കടുത്തതും ശക്തിയുള്ളതും അപകടകരമായ ആശയപിന്‍ബലമുള്ളതുമായ സംഘപരിവാറായിരുന്നു. ഗാന്ധി വധത്തെ അവര്‍ പലരൂപത്തില്‍ ന്യായീകരിക്കുന്നതും പുനരവതരിപ്പിക്കുന്നതും ഗാന്ധി ഘാതകരെ പൂജിക്കുന്നതും നാം കണ്ടതാണ്. ഇപ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ വരെ പരസ്യമായി അത് പറഞ്ഞുതുടങ്ങിയെന്നും പ്രതാപന്‍ ചൂണ്ടിക്കാട്ടി.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഗാന്ധി വധം പോലെ, ബാബരി ധ്വംസനം പോലെ ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ വേറെ സംഭവങ്ങളില്ലെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. രണ്ടിന്റെയും പിന്നില്‍ ഇന്ത്യാ ഉപഭൂഖണ്ഡം കണ്ടതില്‍വച്ച് ഏറ്റവും കടുത്തതും ശക്തിയുള്ളതും അപകടകരമായ ആശയ പിന്‍ബലമുള്ളതുമായ സംഘപരിവാറായിരുന്നു. ഗാന്ധി വധത്തെ അവര്‍ പലരൂപത്തില്‍ ന്യായീകരിക്കുന്നതും പുനരവതരിപ്പിക്കുന്നതും ഗാന്ധി ഘാതകരെ പൂജിക്കുന്നതും നാം കണ്ടതാണ്. ഇപ്പോള്‍ കേരളത്തിലെ ബിജെപി നേതാക്കള്‍വരെ പരസ്യമായി അത് പറഞ്ഞുതുടങ്ങി.
നാഥൂറാം വിനായക ഗോഡ്സെ എന്ന ചരിത്രത്തിലെ ഏറ്റവും വലിയ തീവ്രവാദിയെ പൂവിട്ട് പൂജിക്കുന്നവര്‍ സര്‍വത്യാഗിയായ ശ്രീരാമ ദേവനെ സംഹാരത്തിന്റെ പ്രതിരൂപമായി അവതരിപ്പിച്ചത് എന്തിനായിരിക്കും? തന്റെ ഭരണത്തിന് കീഴിലെ സര്‍വരും സന്തുഷ്ടരായിരിക്കണമെന്ന് ആഗ്രഹിച്ച രാമനെ ഒരു ഉന്‍മൂലന- വംശഹത്യാ പദ്ധതിയുടെ പ്രതീകമാക്കിയത്, ഹൈന്ദവ സംസ്‌കാരത്തെ രാഷ്ട്രീയലാഭത്തിന് ഉപയോഗിച്ചത്, നന്‍മയും അഹിംസയും ബഹുസ്വരതയും പുലരുന്ന 'രാമരാജ്യം' ആഗ്രഹിച്ച മഹാത്മാഗാന്ധിജിയെ വെടിവച്ചുകൊന്നത് എല്ലാം എങ്ങനെയാണ് നാം പൊറുത്തുകൊടുക്കുക? ഒരു മതേതരരാജ്യത്ത് ഒരുവിഭാഗം ആളുകള്‍ ആരാധന നിര്‍വഹിച്ചുപോന്ന ഇടം വേറെയൊരു കൂട്ടര്‍ ബലംപ്രയോഗിച്ച് നശിപ്പിക്കുകയും അവരുടെ ആരാധനാലയം പണിയുകയും ചെയ്യുന്നത് എങ്ങനെയാണ് ഭാരതത്തിന്റെ ആത്മാവിന് ഉള്‍കൊള്ളാന്‍ കഴിയുക ? ഇന്ത്യയുടെ മതേതര പൊതുബോധം ഇതെങ്ങനെയാണ് അംഗീകരിക്കുക ?
അയോധ്യാ വിഷയത്തിലെ സുപ്രിംകോടതി വിധിയെ എല്ലാവരും മാനിക്കുന്നുണ്ട്. അതിനര്‍ഥം, ബാബരി മസ്ജിദ് തകര്‍ത്തതിനെ അംഗീകരിക്കുന്നു എന്നാണോ? ആവരുത്. അവിടെ ഹിന്ദുത്വഭീകരത ശ്രീരാമന്റെ പേരില്‍ ഒരു ക്ഷേത്രം പടുക്കുമ്പോള്‍ മതേതര വിശ്വാസികള്‍ പോയിട്ട് ഹൈന്ദവ വിശ്വാസികള്‍തന്നെ എങ്ങനെ അത് അംഗീകരിക്കുമെന്നാണ് കരുതുന്നത് ? ഒരു പള്ളി പൊളിച്ചിട്ട് ഒരു ക്ഷേത്രം പണിതാല്‍ സന്തുഷ്ടനാവുന്നവനല്ല ഹൈന്ദവ ധര്‍മത്തിലെ ശ്രീരാമന്‍; പകരം ഈ സംഘപരിവാര്‍ നാടകങ്ങള്‍ നോക്കി കോപിക്കുകയും അവരുടെ വിദ്വേഷരാഷ്ട്രീയത്തെ ശപിക്കുകയുമാണ് ചെയ്യുക.
ബാബരി മസ്ജിദില്‍ വിഗ്രഹം കൊണ്ടുവന്ന് വച്ചത് തെറ്റ്, അത് പൊളിച്ചത് വലിയ തെറ്റ് എന്നിങ്ങനെയാണ് സുപ്രിംകോടതി വിധി നീണ്ടത്. ഒടുവില്‍ പള്ളി ഇരുന്നിടത്ത് ക്ഷേത്രം പണിയാമെന്ന് ഉപസംഹാരവും. പരമോന്നത നീതിപീഠം വിധിപുറപ്പെടീച്ചാല്‍ വിയോജിപ്പുകളുണ്ടെങ്കിലും അത് മാനിക്കാനുള്ള മര്യാദ ഇവിടത്തെ ജനാധിപത്യ, മതേതര വിശ്വാസികള്‍ക്കുണ്ട്. എന്നുകരുതി, ബാബരി ധ്വംസനം മറക്കണമെന്നോ, അതേ തുടര്‍ന്നുണ്ടായ ന്യൂനപക്ഷവിരുദ്ധ കലാപങ്ങള്‍ ഓര്‍ക്കാതിരിക്കണമെന്നോ ആരും നിഷ്‌കളങ്കപ്പെടരുത്.
അയോധ്യയില്‍ രാമജന്‍മഭൂമി എന്നടയാളപ്പെടുത്തുന്ന അനേകം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട്. മതപാരസ്പര്യത്തിന്റെ സന്ദേശമുയര്‍ത്തുന്ന ആ ദേവാലയങ്ങള്‍ക്കുള്ള പുണ്യമൊന്നും സംഘപരിവാര്‍ പണിയാന്‍ പോവുന്ന ക്ഷേത്രത്തിനില്ല. കാരണം, അവിടെ മതമോ വിശ്വാസമോ അല്ല പുലരാനിരിക്കുന്നത്. പകരം, രാഷ്ട്രീയവും വിദ്വേഷവുമാണ്. അത് മതേതരവിശ്വാസികളായ ഹിന്ദുഭക്തര്‍ തന്നെ ആദ്യം തിരിച്ചറിയുകയും പ്രതിരോധിക്കുകയും വേണം.
ഈ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ വിളിച്ചില്ലെന്ന് പരിതപിക്കുന്നവരോടാണ്, കോണ്‍ഗ്രസ് അതിന് പറ്റിയ ഇടമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അത് അംഗീകരിച്ച് അത് തിരുത്തി മുന്നോട്ടുപോവാനാണ് ശ്രമിക്കേണ്ടത്. തോല്‍ക്കുന്നതിലല്ല പ്രശ്‌നം, ജയിക്കാന്‍ വേണ്ടി തരംതാഴുന്നിടത്താണ്. കോണ്‍ഗ്രസുകാര്‍ക്ക് മാതൃക നെഹ്റുവും ഗാന്ധിയും ആസാദും പട്ടേലുമാണ്. അല്ലാതെ സവര്‍ക്കറും ഗോഡ്സേയുമല്ല. സംഘപരിവാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഈ 'മത രഷ്ട്രീയ' ഇവന്റിന് പോയില്ലെങ്കില്‍ കോണ്‍ഗ്രസിനോ ഭാരതത്തിന്റെ ആത്മാവിനോ ഒരു ചുക്കും സംഭവിക്കാനില്ല. ഭൂതകാലത്തില്‍ വന്നുപോയ പിഴവുകള്‍ കണ്ടെത്തി ചങ്കുറപ്പോടെ തലയുയര്‍ത്തി നടക്കാനാവണം. 'തന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമെന്ന് വന്നാലും സത്യം പറയാതിരിക്കില്ല' എന്ന് ഉറപ്പിക്കുന്ന രാഹുല്‍ ഗാന്ധി തന്നെ നമുക്ക് മാതൃകയല്ലേ ?
കോണ്‍ഗ്രസിന് വലുത് മൂല്യങ്ങളാണെന്ന് മറക്കരുത്. അധികാരത്തിന് വേണ്ടി എന്തുമാവാമെന്നാണെങ്കില്‍ അത് കോണ്‍ഗ്രസില്‍നിന്നുതന്നെ വേണമെന്ന് ചിന്തിക്കുകയുമരുത്. ഇന്ത്യക്ക് ഹൈന്ദവതയും ഇസ്‌ലാമും ക്രിസ്തുമതവും സിഖ് മതവും തുടങ്ങി എല്ലാ മതങ്ങളും വേണമെന്നാകിലും ഈ പറഞ്ഞ ഒരുമതത്തിന്റെ പേരിലും നടക്കുന്ന ഒരു തരം ഭീകരതയും നല്ലതല്ല. അത് കാലമത്രയും ഈ ഭൂമിയെ മരുഭൂമിയാക്കുകയേ ചെയ്തിട്ടുള്ളൂ.