തബ്‌ലീഗ് നിരോധനം: സൗദിയുടെ നിലപാട് പ്രതിഷേധാര്‍ഹം; ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നത്- അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍
കൊച്ചി: നന്‍മയുടെ തുരുത്തുകള്‍ ഓരോന്നും അപ്രത്യക്ഷമാവുകയും ആഗോളരംഗത്ത് മുസ്‌ലിം സമൂഹം പ്രതിസന്ധികളുടെ നിലയില്ലാക്കയത്തില്‍ വീര്‍പ്പുമുട്ടുകയും ചെയ്യുമ്പോള്‍ ഇരുഹറമുകളുടെ സേവകരായ സൗദി അറേബ്യയുടെ തബ്‌ലീഗ് നിരോധന നടപടി തികച്ചും അസാധാരണവും ദൂരവ്യാപക പ്രത്യാഘാതം ക്ഷണിച്ചുവരുത്തുന്നതുമാണെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ സംസ്ഥാന സമിതി വ്യക്തമാക്കി. നവ ഉദാരീകരണത്തിന്റെ മറപിടിച്ച് പാശ്ചാത്യ സംസ്‌കാരങ്ങളില്‍ ഒരു രാജ്യത്തെ മുക്കിയെടുക്കുമ്പോള്‍ ബലികഴിക്കപ്പെടുന്നത് പൈതൃകമായി മുറുകെപ്പിടിച്ച ഇസ്‌ലാമിന്റെ മഹിതമൂല്യങ്ങളാണെന്ന സാമാന്യബോധം ഭരണാധികാരികള്‍ക്ക് നഷ്ടമാവുന്നത് അത്യന്തം ഖേദകരമാണ്.
ആഗോളരംഗത്ത് അണഞ്ഞുകൊണ്ടിരിക്കുന്ന ദീനീചിന്തകള്‍ പ്രചരിപ്പിക്കുന്നതിന് നിശബ്ദം ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്ന തബ്‌ലീഗിന്റെ സൗമ്യമുഖം ഒരു തുറന്ന പുസ്തകമാണെന്ന് സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ദാറുല്‍ ഉലൂം ദയൂബന്തിന്റെ സന്തതി മൗലാനാ ഇല്യാസ് കാന്തലവിയുടെ നേതൃത്വത്തില്‍ തുടക്കം കുറിച്ച്, ലോകത്തെ ലക്ഷോപലക്ഷങ്ങള്‍ ഹൃദയത്തിലേറ്റെടുത്ത ഈ നിഷ്‌കളങ്ക പ്രവര്‍ത്തനത്തെ ഭീകരതയുടെ കവാടമായി ചിത്രീകരിക്കുന്നത് സാമാന്യബുദ്ധിയെ പരിഹസിക്കലാണ്.
തീവ്രതയുടെയും ജീര്‍ണതയുടെയും മധ്യേ സന്തുലിതയുടെ പര്യായമായ തബ്‌ലീഗിനെ നിരോധിക്കുന്നതും പ്രതിരോധത്തിലാക്കുന്നതും മുസ്‌ലിം സമൂഹത്തിന്റെ അതിജീവന പ്രതീക്ഷയുടെ അവസാനകിരണങ്ങളെയും ഊതിക്കെടുത്തുന്നതും തദ്വാരാ ഇലാഹീ കോപം ക്ഷണിച്ചുവരുത്തുന്നതുമാണെന്ന് കൗണ്‍സില്‍ വിലയിരുത്തി.
സൗദീ ഭരണകൂടം അതീവഗുരുതരമായ ഈ നടപടി അതിവേഗം പുനപ്പരിശോധിക്കുകയും നിരുപാധികം പിന്‍വലിക്കുകയും ചെയ്യണമെന്ന് സംസ്ഥാന സമിതി ശക്തമായി ആവശ്യപ്പെട്ടു. അല്‍കൗസര്‍ ഉലമാ കൗണ്‍സില്‍ പ്രസിഡന്റ് മുഫ്തി ഇ എം സുലൈമാന്‍ മൗലവി അല്‍ കൗസരി ചിലവ്, വര്‍ക്കിങ് പ്രസിഡന്റ് ഉള്ളാട്ടില്‍ അബ്ദുല്ലത്തീഫ് മൗലവി അല്‍കൗസരി, ജനറല്‍ സെക്രട്ടറി അബ്ദുറഹിം മൗലവി അല്‍ കൗസരി പത്തനാപുരം എന്നിവര്‍ പങ്കെടുത്തു.