താനൂര്‍ ബോട്ടപകടം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍; കൊലക്കുറ്റം ചുമത്തി

ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Update: 2023-06-13 14:13 GMT

താനൂര്‍: 22 പേരുടെ മരണത്തിനിടയാക്കിയ താനൂര്‍ പൂരപ്പുഴ ബോട്ടപകടത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. കോഴിക്കോട് പോര്‍ട്ട് കണ്‍സര്‍വേറ്ററെയും സര്‍വെയറുമാണ് അറസ്റ്റിലായത്. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കോഴിക്കോട് പോര്‍ട്ട് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പൊന്നാനി പുന്നത്തിരുത്തി സ്വദേശി വലിയവീട്ടില്‍ പ്രസാദ് (50), ആലപ്പുഴ ചീഫ് സര്‍വേയര്‍ വട്ടിയൂര്‍ക്കാവ് കുരുവിക്കാട് സ്വദേശി കല്ലാനിക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് (43) എന്നിവരാണ് പിടിയിലായത്.

ബോട്ടുനിര്‍മാണത്തിന്റെ ഘട്ടങ്ങളിലൊന്നും ഒദ്യോഗിക പരിശോധനകളുണ്ടായില്ല. ബോട്ടുടമ പാട്ടരകത്ത് നാസറും പോര്‍ട്ട് ഉദ്യോഗസ്ഥരും തമ്മില്‍ അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് പ്രത്യേകം അന്വേഷണ സംഘം കണ്ടെത്തി. ഇവര്‍ക്കെതിരെ കൊലകുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പോര്‍ട്ട് പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ ബോട്ടുടമയ്ക്കായി അനധികൃത ഇടപെടല്‍ നടത്തിയെന്നും സര്‍വെയര്‍ ശരിയായ സുരക്ഷാ പരിശോധന നടത്തിയില്ലെന്നും തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബോട്ടിന് ലൈസന്‍സ് അനുവദിക്കുന്നതിന്റെ ഓരോ ഘട്ടത്തിലും പരിശോധന നടത്തേണ്ട ചീഫ് സര്‍വെയര്‍ അലംഭാവം വരുത്തിയതായും, നിയമം ലംഘിച്ച് മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദസഞ്ചാരബോട്ടാക്കി മാറ്റിയ വിവരം രേഖകളില്‍ നിന്നെല്ലാം ബോധപൂര്‍വം ഒഴിവാക്കിയതായും, മുകളിലെ തട്ടിലേക്ക് കോണി നിര്‍മിച്ചത് കണ്ടില്ലെന്ന് നടിച്ചതും അപകടത്തിന് കാരണമായി. ബോട്ടിന് ലൈസന്‍സ് പോലും ലഭിക്കാതെയാണ് സര്‍വീസ് നടത്തിയത്.താനൂര്‍ ഡിവൈഎസ്പി വി വി ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേണം നടത്തുന്നത്. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി.






Tags:    

Similar News