താനൂര്‍ ബോട്ട് ദുരന്തം; മന്ത്രിയുടെ ഓഫിസിനെതിരേ മൊഴി നല്‍കിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തത്തിനിടയാക്കിയ അത്‌ലാന്റിക്‌സ് ബോട്ടിന് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ തുറമുഖ വകുപ്പ് അഹമ്മദ് ദേവര്‍കോവിലിന്റെ അഡീഷനല്‍ െ്രെപവറ്റ് സെക്രട്ടറി ഇടപെട്ടതായി മൊഴി നല്‍കിയിരുന്ന ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. മാരിടൈം ബോര്‍ഡ് സിഇഒ ടി പി സലീം കുമാറിനെയാണ് സ്ഥലംമാറ്റിയത്. ഇദ്ദേഹത്തിനു പകരം പൊതുഭരണവകുപ്പ് അഡീഷനല്‍ സെക്രട്ടറിക്കാണ് മാരിടൈം ബോര്‍ഡിന്റെ ചുമതല നല്‍കിയിട്ടുള്ളത്. താനൂര്‍ തൂവല്‍ത്തീരം പുഴയില്‍ ബോട്ട് മറിഞ്ഞ് 22 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 22 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള ബോട്ടില്‍ 37 പേരെ കയറ്റിയെന്നും അശാസ്ത്രീയമായി യാത്രക്കാരെ കുത്തിനിറച്ചതാണ് അപകട കാരണമെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ബോട്ടിന്റെ ഡക്കില്‍ പോലും ആളുകളെ കയറ്റിയാണ് സര്‍വീസ് നടത്തിയത്. ഡ്രൈവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ല. ബോട്ടുടമയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ സഹായം ലഭിച്ചിരുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു. ബോട്ടിന് രജിസ്‌ട്രേഷന്‍ ലഭിക്കാന്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടിരുന്നുവെന്ന് മാരിടൈം ബോര്‍ഡ് സിഇഒ ടി പി സലീം കുമാര്‍ പോലിസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നാണ് സൂചന.