പൊതുമേഖലാ സ്ഥാപനങ്ങള്‍ നാടിന്റെ താല്‍പര്യസംരക്ഷണത്തിന് : മന്ത്രി പി രാജീവ്
ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ബസുകള്‍ ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹൈഡ്രജന്‍ മിഷനില്‍ ടിസിസി പങ്കാളിയാകുമെന്ന് മന്ത്രി പി രാജീവ്
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങള്‍ തൊഴിലാളികളുടെ മാത്രമല്ല നാടിന്റെയും പൊതുതാല്‍പര്യമാണ് പ്രതിനിധാനം ചെയ്യുന്നതെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാനത്തെ പ്രഥമ പൊതുമേഖലാ രാസവ്യവസായമായ ഏലൂരിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ (ടിസിസി) പ്രതിദിനം 75 ടണ്‍ ഉല്‍പ്പാദനശേഷിയുള്ള കോസ്റ്റിക് സോഡാ പ്ലാന്റ്, ഫ്‌ളോട്ടിങ് ജെട്ടി, ബോയിലറിലേക്ക് ആര്‍എല്‍എന്‍ജി ഇന്ധനത്തിന്റെ കമീഷനിങ് എന്നീ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങള്‍ ശക്തിപ്പെട്ടാല്‍ തൊഴിലാളികള്‍ക്കും നാടിനുമാണ് ഗുണം. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കുന്ന ഏക സ്ഥലമായി കേരളം ഇന്ന് മാറിയിരിക്കുകയാണ്. ഉത്പാദന ക്ഷമതയും ഉത്പാദന വര്‍ധനയുമാണ് പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുമേഖലയെ ശക്തിപ്പെടുത്തി ലാഭകരമാക്കാനും മത്സരക്ഷമമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തൊഴിലാളികള്‍ക്ക് പരമാവധി ആനുകൂല്യം ലഭ്യമാക്കണം. എന്നാല്‍ തൊഴില്‍ ചെലവ് വര്‍ധിക്കാന്‍ പാടില്ല. ടിസിസിയിലെ തൊഴിലാളികള്‍ക്ക് നല്‍കാനുള്ള ശമ്പള കുടിശിക ഘട്ടംഘട്ടമായി നല്‍കും.
വര്‍ഷങ്ങളായി സേവനം നടത്തുന്ന ടിസിസിയിലെ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികൂലമായാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നത്. എന്നാല്‍ ഇവരെ പിരിച്ചുവിട്ടാല്‍ കമ്പനിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലാകും. അതിനാല്‍ ഇവര്‍ക്ക് മെച്ചപ്പെട്ട വേതനവും ആനുകൂല്യങ്ങളും ഉറപ്പാക്കും. കമ്പനിയുടെ ലാഭവിഹിതത്തില്‍ നിന്ന് തൊഴിലാളികള്‍ക്ക് സമ്മാനം നല്‍കണമെന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യവും അംഗീകരിച്ചതായി മന്ത്രി അറിയിച്ചു. സ്ഥിരം തൊഴിലാളികള്‍ക്ക് മാത്രമല്ല കരാര്‍ തൊഴിലാളികള്‍ക്കും സമ്മാനം നല്‍കുമെന്ന് മന്ത്രി അറിയിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ ലാഭകരമാക്കുന്നതിനായി കൃത്യമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി മുന്നോട്ട്‌പോകുകയാണ് സര്‍ക്കാര്‍. 41 പൊതുമേഖലാ സ്ഥാപനങ്ങളുടെ മാനേജിംഗ് ഡയറക്ടര്‍മാരുടെ യോഗം ചേര്‍ന്നു. വിദഗ്ധരുടെ സഹായത്തോടെ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി. 41 സ്ഥാപനങ്ങളെ ഏഴ് വിഭാഗങ്ങളാക്കി തിരിച്ചാണ് പദ്ധതി തയാറാക്കിയത്. ഈ പദ്ധതി വിശദമായി പരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തി. തുടര്‍ന്ന് മാനേജ്‌മെന്റ്, ജീവനക്കാര്‍, വിദഗ്ധര്‍ തുടങ്ങിയവരുമായി ചര്‍ച്ച ചെയ്ത് വിദഗ്ധ സമിതിക്ക് സമര്‍പ്പിച്ചു.
വിദഗ്ധ സമിതി പരിശോധിച്ച് ആവശ്യമായ ഭേദഗതി വരുത്തി കരട് പദ്ധതി രേഖ തയാറാക്കി. ഹ്രസ്വകാല, ഇടക്കാല, ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. പദ്ധതി നടപ്പാക്കുന്നതിനായി പ്രൊജക്ട് മാനേജ്‌മെന്റ് സിസ്റ്റം രൂപീകരിച്ചു. ഏഴു മേഖലയിലെയും വിദഗ്ധര്‍ ഓരോ ഗ്രൂപ്പിനും നേതൃത്വം നല്‍കി. പദ്ധതി നടപ്പാക്കുന്നതിനായി കൃത്യമായ കലണ്ടറും തയാറാക്കി. സ്ഥാപനങ്ങളില്‍ നിന്നുള്ള മിച്ചം, സര്‍ക്കാര്‍ ഗ്രാന്റ്, ബാങ്കുകളില്‍ നിന്നുള്ള സാമ്പത്തിക സഹായം എന്നിവ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് ചെയ്ത് സ്വയംഭരണാവകാശം നല്‍കുന്നതിനായി മൂന്നംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. ഈ രീതിയിലുള്ള സര്‍ക്കാരിന്റെ ആസൂത്രണവും കാഴ്ചപ്പാടുമാണ് ടിസിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്ക് കരുത്താകുന്നത് എന്നും മന്ത്രി പറഞ്ഞു.
ടിസിസി കേരളത്തിലെ അടുത്ത റിഫൈനറിയാകും: മന്ത്രി
ഭാവിയുടെ ഇന്ധനമായി കരുതുന്ന ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ബസുകള്‍ ഇറക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹൈഡ്രജന്‍ മിഷനില്‍ ടിസിസി പങ്കാളിയാകുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. 99.7% ശുദ്ധമായ ഹൈഡ്രജനാണ് ടിസിസി ഉല്‍പ്പാദിപ്പിക്കുന്നത്. 99.99% ശുദ്ധമായ ഹൈഡ്രജന്‍ ഉത്പാദിപ്പിച്ച് കംപ്രസ് ചെയ്ത് ഹൈഡ്രജന്‍ ഇന്ധനമാക്കണം. ഹൈഡ്രജന്‍ മിഷന്റെ ഭാഗമായി 10 ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഹൈഡ്രജന്‍ ഉല്‍പ്പാദകര്‍ എന്ന നിലയില്‍ പദ്ധതിക്കാവശ്യമായ ഹൈഡ്രജന്‍ നല്‍കാനായാല്‍ ടിസിസിക്ക് കേരളത്തിലെ റിഫൈനറിയായി മാറാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ പ്രഥമ പൊതുമേഖലാ രാസവ്യവസായമായ ഏലൂരിലെ ട്രാവന്‍കൂര്‍ കൊച്ചിന്‍ കെമിക്കല്‍സില്‍ പുതിയ പ്ലാന്റ് ആരംഭിക്കുന്നതോടെ എല്ലാദിവസവും കോസ്റ്റിക് സോഡാ ഉല്‍പ്പാദനം 250 മെട്രിക് ടണ്ണായി വര്‍ധിക്കും. നൂതന സങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ വൈദ്യുതിച്ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും. ഫ്‌ളോട്ടിങ് ജെട്ടി ഉദ്ഘാടനത്തോടെ ഹൈഡ്രോക്ലോറിക് ആസിഡും മറ്റും ചവറയിലെ കെഎംഎംഎല്‍ പോലുള്ള ഉപഭോക്താക്കള്‍ക്ക് ഉള്‍നാടന്‍ ജലപാതവഴി എത്തിക്കാനാകും. ഇതോടെ റോഡുവഴിയുള്ള ചരക്കുനീക്കം കുറയ്ക്കാം. പെട്രോളിയം ഉല്‍പ്പന്നമായ ഫര്‍ണസ് ഓയിലില്‍നിന്ന് പരിസ്ഥിതിസൗഹൃദ ആര്‍എല്‍എന്‍ജി (റീ ഗ്യാസിഫൈഡ് എല്‍എന്‍ജി)യിലേക്ക് മാറ്റുന്ന പദ്ധതിയും കമീഷന്‍ ചെയ്തു.
ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി അധ്യക്ഷത വഹിച്ചു.വാര്‍ഡ് കൗണ്‍സിലര്‍ കെ കൃഷ്ണപ്രസാദ്, ടിസിസി മാനേജിംഗ് ഡയറക്ടര്‍ കെ ഹരികുമാര്‍, ടിസിസി ഡയറക്ടര്‍മാരായ അഡ്വ. വി സലിം, വാസുദേവന്‍, ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) ആര്‍ രാജീവ്, അണ്ടര്‍ സെക്രട്ടറി എസ് ലത, മുന്‍ എംഎല്‍എ എ എം യൂസഫ്, തൊഴിലാളി യൂടിയന്‍ നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.