സാങ്കേതിക പരിശോധന:13 മുതല്‍ 18 വരെ കാലടി പാലം പൂര്‍ണ്ണമായും അടച്ചിടും
വാഹനങ്ങള്‍ വഴി തിരിച്ചു വിടും.ഗൂഗിള്‍ മാപിലും പാലം അടച്ച വിവരം റിപ്പോര്‍ട്ട് ചെയ്യും. ഗൂഗിള്‍ മാപ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഇത് ഉപകാരപ്പെടും. രാത്രിയിലും സാങ്കേതിക പരിശോധന തുടരുന്നതിനാല്‍ 24 മണിക്കൂറും പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കും
കൊച്ചി: കാലടി ശ്രീശങ്കര പാലത്തില്‍ സാങ്കേതിക പരിശോധനയുമായി ബന്ധപ്പെട്ട് ഡിസംബര്‍ 13 മുതല്‍ 18 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിക്കുമെന്ന് അധികൃതര്‍. 19 മുതല്‍ 21 വരെ നിയന്ത്രിത തോതിലുള്ള ഗതാഗതം അനുവദിക്കും. വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. നിയന്ത്രണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടര്‍ ജാഫര്‍ മാലികിന്റെ നേതൃത്വത്തില്‍ എം എല്‍ എ മാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, എല്‍ദോസ് കുന്നപ്പിള്ളി, കാലടി പഞ്ചായത്ത് പ്രസിഡന്റ് എം പി ആന്റണി, ഒക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, പെരുമ്പാവൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍, പോലീസ് , ബ്രിഡ്ജസ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരുമായി യോഗം ചേര്‍ന്നു.
ശബരിമല തീര്‍ഥാടകര്‍ക്കും പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്കും തടസമില്ലാത്ത യാത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് എം എല്‍ എ മാര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൂടുതല്‍ പോലിസിനെ ഏര്‍പ്പെടുത്തി ജനങ്ങള്‍ക്ക് ആശങ്കയില്ലാത്ത രീതിയില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യം ഉന്നയിച്ചു.
ഗതാഗതം തിരിച്ചു വിടുന്ന റോഡുകളുടെ അറ്റകുറ്റ പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു. ഗൂഗിള്‍ മാപിലും പാലം അടച്ച വിവരം റിപ്പോര്‍ട്ട് ചെയ്യും. ഗൂഗിള്‍ മാപ് ഉപയോഗിച്ച് യാത്ര ചെയ്യുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ഇത് ഉപകാരപ്പെടും. രാത്രിയിലും സാങ്കേതിക പരിശോധന തുടരുന്നതിനാല്‍ 24 മണിക്കൂറും ഗതാഗതം പൂര്‍ണമായും നിരോധിക്കും. നിയന്ത്രണങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനായി കൂടുതല്‍ പോലിസിനെ വിന്യസിക്കാനും യോഗത്തില്‍ തീരുമാനിച്ചു. വാഹനങ്ങള്‍ തിരിച്ചു വിടുന്ന വഴികളില്‍ കൃത്യമായ ദിശാ ബോര്‍ഡും സ്ഥാപിക്കും.
എംസി റോഡില്‍ കാലടി ശ്രീ ശങ്കരപ്പാലം അറ്റകുറ്റപ്പണിക്ക് മുന്നോടിയായാണ് നിലവിലുള്ള സ്ഥിതി സംബന്ധിച്ച് പഠനം നടത്തുന്നത്. ഡല്‍ഹിയിലെ സെന്‍ട്രല്‍ റോഡ!് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരത്തെ കേരള ഹൈവെ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് എന്നീ സ്ഥാപനങ്ങള്‍ സംയുക്തമായാണ് ഡിസംബര്‍ 12 മുതല്‍ പഠനം നടത്തുന്നത്.
മൂവാറ്റുപുഴ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിച്ചു വിടേണ്ട വഴി
അങ്കമാലി ഭാഗത്തു നിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ആലുവയിലെത്തി അവിടെ നിന്നും ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡിലൂടെ പെരുമ്പാവൂരിലെത്തി യാത്ര തുടരാവുന്നതാണ്.
അങ്കമാലി ഭാഗത്തു നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മറ്റൂര്‍ ജംഗ്ഷനിലോ കാലടി ജംഗ്ഷനിലോ ഇടത്തോട്ട് തിരിഞ്ഞു കാലടി മലയാറ്റൂര്‍ റോഡിലൂടെ സഞ്ചരിച്ചു മലയാറ്റൂര്‍ കോടനാട് പാലം, കോടനാട് വല്ലം റോഡ് വഴി വല്ലം ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പെരുമ്പാവൂര്‍ ഭാഗത്തേക്ക് യാത്ര തുടരാവുന്നതാണ്.
അങ്കമാലി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിച്ചു വിടേണ്ട വഴി
മൂവാറ്റുപുഴ ഭാഗത്തുനിന്നും അങ്കമാലി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ പെരുമ്പാവൂരില്‍ ഇടത്തോട്ട് തിരിഞ്ഞ് ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡിലൂടെ ആലുവയില്‍ എത്തി അങ്കമാലി വഴി യാത്ര തുടരാവുന്നതാണ്.
മൂവാറ്റുപുഴ ഭാഗത്തു നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വല്ലം ജംഗ്ഷനില്‍ വലത്തോട്ട് തിരിഞ്ഞ് വല്ലം കോടനാട് റോഡിലൂടെ മലയാറ്റൂര്‍ കോടനാട് പാലം ,കാലടി മലയാറ്റൂര്‍ റോഡ് വഴി കാലടി ജംഗ്ഷനിലെത്തി വലത്തോട്ട് തിരിഞ്ഞ് യാത്ര തുടരാവുന്നതാണ്.
മൂവാറ്റുപുഴ ഭാഗത്തുനിന്നും എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട വാഹനങ്ങള്‍ തിരിച്ചു വിടേണ്ട വഴി
മൂവാറ്റുപുഴ ഭാഗത്തുനിന്നും എയര്‍പോര്‍ട്ടിലേക്ക് വരേണ്ട വാഹനങ്ങള്‍ പെരുമ്പാവൂരില്‍ ഇടത്തോട്ടു തിരിഞ്ഞ് ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡിലൂടെ വന്ന് മഹിളാലയം തുരുത്ത് പാലം കടന്ന് വലത്തോട്ട് കാലടി ആലുവ റോഡ് , ചൊവ്വര നെടുവന്നൂര്‍ ആവണംകോട് റോഡിലൂടെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാവുന്നതാണ്. എയര്‍പോര്‍ട്ടില്‍ നിന്നും തിരികെ പോകേണ്ട വാഹനങ്ങള്‍ക്കും ഈ റൂട്ടിലൂടെ സഞ്ചരിക്കാവുന്നതാണ്.
എയര്‍പോര്‍ട്ടിലേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ആലുവ പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി റോഡിലൂടെ വന്ന് തിരുവൈരാണിക്കുളം പാലത്തിലൂടെ കാഞ്ഞൂരിലെത്തി കാലടി ആലുവ റോഡ് ചൊവ്വര നെടുവന്നൂര്‍ ആവണംകോട് റോഡിലൂടെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരാവുന്നതാണ്.