ഇടുക്കിയിലെ രാഷ്ട്രീയ നേതാവ് അടക്കം രണ്ട് കൊവിഡ് രോഗികളുടെ പുതിയ ഫലം നെഗറ്റീവ്
രോഗം ഭേദമായ കോണ്‍ഗ്രസ് നേതാവുമായി അടുത്തിടപഴകിയ ചെറുതോണി സ്വദേശിയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
തൊടുപുഴ: കൊവിഡ് 19 രോഗം സ്ഥിരീകരിച്ച രാഷ്ട്രീയ നേതാവടക്കം ഇടുക്കിയിലെ രണ്ടുപേരുടെ പുതിയ പരിശോധന ഫലം നെഗറ്റീവ്. നേരത്തേ, മെഡിക്കല്‍ കോളജില്‍ നടത്തിയ തുടര്‍ പരിശോധനകളില്‍ കൊവിഡ് ബാധിതനായ കോണ്‍ഗ്രസ് നേതാവിന്റെയും കുമാരനെല്ലൂര്‍ സ്വദേശിയുടെയും രോഗം ഭേദമായതായി വ്യക്തമായിരുന്നു.
അന്തിമ സ്ഥിരീകരണത്തിനായി ഇവരുടെ സാംപിളുകള്‍ ആലപ്പുഴയിലെ വൈറോളജി ലാബിലേക്ക് അയച്ചു നടത്തിയ പരിശോധനയുടെ ഫലം ഇന്നു പുറത്തുവന്നപ്പോള്‍ ഇരുവര്‍ക്കും കൊവിഡ് വൈറസ് നെഗറ്റീവാണെന്നാണ് രേഖപ്പെടുത്തി. അന്തിമ പരിശോധനാ ഫലം നെഗറ്റീവായ സാഹചര്യത്തില്‍ ഇരുവര്‍ക്കും വീട്ടിലേക്ക് മടങ്ങാം. ഇരുവരുടെയും ഡിസ്ചാര്‍ജ് തീരുമാനിക്കുന്നതിന് ഉടന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരും. രോഗം ഭേദമായി ആശുപത്രി വിടുന്നവര്‍ 28 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതുണ്ട്.
ഇന്ന് രോഗം ഭേദമായ കോണ്‍ഗ്രസ് നേതാവുമായി അടുത്തിടപഴകിയ ചെറുതോണി സ്വദേശിയുടെ കുടുംബത്തിലെ മൂന്നുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചെറുതോണി സ്വദേശിയുടെ 70 വയസുകാരിയായ മാതാവ്, 35 വയസുകാരിയായ ഭാര്യ, 10 വയസ്സുള്ള മകന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ആദ്യമായാണ് 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് കൊവിഡ് ബാധിക്കുന്നത്. ജില്ലയിലാകെ 2,836 പേര്‍ കൊവിഡ് നിരീക്ഷണത്തിലുണ്ട്. ഇടുക്കിയില്‍ ആകെ 10 കൊവിഡ് രോഗികളാണുള്ളത്.