കീര്‍ത്താഡ്‌സില്‍ ചട്ടം ലംഘിച്ച് ജോലി: ഇന്ദുമേനോന്റെയും മന്ത്രി ബാലന്റെ പിഎയുടെയും നിയമനം റദ്ദാക്കി
ഇവരുടെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്ത ജൂലൈ 21ന് തേജസ് ഓണ്‍ലൈന്‍ പുറത്ത് കൊണ്ടുവന്നിരുന്നു.
തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷണ സ്ഥാപനമായ കിര്‍ത്താഡ്‌സില്‍ ചട്ടം ലംഘിച്ച് നടത്തിയ നിയമനങ്ങള്‍ കേരള അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണല്‍ റദ്ദാക്കി. നിയമമന്ത്രി എ കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ മണിഭൂഷണ്‍, ഇന്ദു വി മേനോന്‍, എസ് വി സജിത്കുമാര്‍, പി വി മിനി എന്നിവര്‍ക്ക് കിര്‍താഡ്‌സില്‍ സ്ഥിര നിയമനം ലഭിച്ചതാണ് റദ്ദാക്കപ്പെട്ടിരിക്കുന്നതെന്ന് വിധിയില്‍ പറയുന്നു. കഴിഞ്ഞ ജൂലൈ 21ന് തേജസ് ഓണ്‍ലൈന്‍ ഇവരുടെ അനധികൃത നിയമനവുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്ത് കൊണ്ടുവന്നിരുന്നു.
മാനുഷിക പരിഗണനയര്‍ഹിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്‍കാന്‍ സര്‍ക്കാരിന് വിവേചനാധികാരം നല്‍കുന്ന റൂള്‍ 39 പ്രയോഗിച്ച് ലക്ചര്‍ പോസ്റ്റില്‍ ഇവര്‍ക്ക് പ്രൊബേഷന്‍ പ്രഖ്യാപിച്ച നടപടിയാണ് റദ്ദാക്കിയിരിക്കുന്നത്. യൂണിവേഴ്‌സിറ്റിയിലോ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പട്ടികജാതി പട്ടികവര്‍ഗ വിഷയങ്ങളില്‍ മൂന്ന് വര്‍ഷത്തെ ഗവേഷണ പരിചയമാണ് തസ്തികയുടെ പ്രധാന യോഗ്യത. ഈ യോഗ്യതയുളളവര്‍ കുറവായതിനാല്‍ അഭിമുഖത്തിനുള്ള റാങ്ക് പട്ടിക പരീക്ഷയില്ലാതെ പി.എസ്.സി പ്രസിദ്ധീകരിക്കുകയായിരുന്നു. മറ്റ് വിഷയങ്ങളില്‍ പിഎച്ച്ഡി ഉള്ളവരെ പോലും റാങ്കു പട്ടികയില്‍ പരിഗണിച്ചിട്ടില്ല. ഇതിനിടയിലാണ് പട്ടികജാതി പട്ടികവര്‍ഗ വിഷയത്തില്‍ ഗവേഷണം നടത്താത്ത, എംഎ ബിരുദം മാത്രമുള്ള മണിഭൂഷനെയാണ് ആന്ത്രപ്പോളജിയില്‍ ബിരുദാനന്തരബിരുദവും എം.ഫിലും വേണ്ട ലക്ചര്‍ ഇന്‍ പോസ്റ്റില്‍ നിയമിച്ചത്. ചട്ടം 39 ദുരുപയോഗം ചെയ്തുകൊണ്ടാണ് നിയമനം നടത്തിയത്. മണിഭൂഷന്റെ നിയമനം ന്യായീകരിക്കുന്നതിനായി മറ്റ് മൂന്ന് പേരെക്കൂടി നിയമിച്ചു. എഴുത്തുകാരി ഇന്ദു വി മേനോന്‍, മിനി പിവി, സജിത് കുമാര്‍ എന്നിവര്‍ക്കാണ് മതിയായ യോഗ്യതയില്ലാതെ നിയമിച്ചത്.
മണിഭൂഷന്‍, ഇന്ദു വി മേനോന്‍ എന്നിവരെ കിര്‍ത്താഡ്‌സില്‍ ലക്ചററായും മിനിയെ റിസര്‍ച്ച് അസിസ്റ്റന്റായും സജിത് കുമാറിനെ റിസര്‍ച്ച് ഓഫീസറായുമാണ് നിയമിച്ചത്. ഇതിനെല്ലാം സര്‍വീസ് റൂളില്‍ പറയുന്ന യോഗ്യത എംഫില്‍ അല്ലെങ്കില്‍ പിഎച്ച്ഡി ഉണ്ടാകണമെന്നതാണ്. എന്നാല്‍ ആ യോഗ്യത ഇവര്‍ക്കാര്‍ക്കുമില്ല. സജിത് കുമാറിന് മറ്റൊരു കോഴ്‌സിലാണ് എംഫില്‍ ഉള്ളത്. ഇന്ദുമേനോന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദമാണ് ഉണ്ടായിരുന്നത്. സര്‍വീസ് റൂളിലെ യോഗ്യത തിരുത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതിന് സാധിക്കാതെ വന്നപ്പോള്‍ ചട്ടം 39 വകുപ്പ് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
അതേസമയം, ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന മുന്‍ എസ്എഫ്‌ഐ നേതാവ് മഹേഷ് എം വി, എസ്എഫ്‌ഐ പ്രവര്‍ത്തകരായിരുന്ന എം എസ് അനീഷ് , ടി ടി കെ ഷഗില്‍ എന്നിവര്‍ വ്യാജരേഖകള്‍ ചമച്ച് പി.എസ്.സി വഴി കിര്‍ത്താഡ്സില്‍ നിയമനം നേടിയ സംഭവത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സോഷ്യോളജി ആന്ത്രോപോളജി വിഷയങ്ങളില്‍ റിസര്‍ച്ച് അസിസ്റ്റന്റ് തസ്തികയിലാണ് വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മൂന്നുപേരും നിയമനം നേടിയതെന്നാണ് ആക്ഷേപം. പ്ലാനറ്റ് കേരളയെന്ന സര്‍ക്കാര്‍ ഇതര സംഘടനയുടെ വാട്ടര്‍ഷെഡ് പ്രോജക്ടില്‍ ഗവേഷണ പരിചയമാണ് മഹേഷ്, ഷഗില്‍ എന്നിവര്‍ സമര്‍പ്പിച്ചത്. അനീഷ് ഒരു ദിവസം പോലും ഗവേഷണം നടത്തിയിട്ടില്ലെന്നും യൂണിവേഴ്‌സിറ്റി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തില്‍ വിജിലന്‍സിന് പരാതി ലഭിച്ചെങ്കിലും അതില്‍ തുടര്‍നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.