കനകദുര്‍ഗ വീട്ടില്‍ കയറുന്നത് തടയരുതെന്ന് കോടതി

ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കനകദുര്‍ഗ പരാതിയിലാണ് നടപടി

Update: 2019-02-05 11:54 GMT

മലപ്പുറം: ശബരിമലയില്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ നിന്നു പുറത്താക്കപ്പെട്ട കനകദുര്‍ഗയ്ക്ക് അനുകൂലമായി കോടതി വിധി. കനകദുര്‍ഗ വീട്ടില്‍ കയറുന്നത് ആരും തടയരുതെന്നും ഭര്‍ത്താവിന്റെ പേരിലുള്ള വീട് തല്‍ക്കാലം വില്‍ക്കരുതെന്നും മലപ്പുറം പുലമന്തോള്‍ ഗ്രാമകോടതി ഉത്തരവിട്ടു. അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടില്‍ പ്രവേശിക്കാനും കുട്ടികള്‍ക്കൊപ്പം കഴിയാനുമുള്ള കനകദുര്‍ഗയുടെ അവകാശത്തെ തടയരുതെന്നു ഗ്രാമ കോടതി നിര്‍ദേശിച്ചു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം കനകദുര്‍ഗ പരാതിയിലാണ് നടപടി. നേരത്തേ, ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ കനകദുര്‍ഗയെ ഭര്‍തൃമാതാവ് മര്‍ദ്ദിച്ചതായി ആരോപണമുണ്ടായിരുന്നു. ഭര്‍തൃമാതാവ് സുമതിയും ബന്ധുക്കളും വീട്ടില്‍ കയറാന്‍ അനുവദിച്ചില്ലെന്നും ശാരീരികമായി ഉപദ്രവിച്ചെന്നും കാണിച്ചാണ് കനകദുര്‍ഗ പരാതി നല്‍കിയത്. വീട്ടുകാരുടെ എതിര്‍പ്പ് കാരണം വനിതാ ഷെല്‍ട്ടറിലാണ് കനകദുര്‍ഗ കഴിയുന്നത്. ഇക്കഴിഞ്ഞ ജനുവരി രണ്ടിനാണ് കനകദുര്‍ഗയും ബിന്ദുവും ശബരിമല ദര്‍ശനം നടത്തിയത്. ഇതിനു ശേഷം സംഘപരിവാരത്തിന്റെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ഇവര്‍ക്ക് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും സംരക്ഷണം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.




Tags:    

Similar News