ശബരിമല യുവതീ പ്രവേശനം: സുപ്രിംകോടതിയില്‍ നിര്‍ണായക വാദം പുരോഗമിക്കുന്നു
ആരാധനാലയങ്ങള്‍ പൊതുസ്ഥത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദമാണ് വിധിയെ എതിര്‍ക്കുന്ന അഭിഭാഷകര്‍ പ്രധാനമായും കോടതിയില്‍ ഉന്നയിച്ചത്.ക്ഷേത്രം പൊതുവിടത്തിന്റെ പരിധിയില്‍ വരുമെന്നും അവിടെ ഒരുതരത്തിലുള്ള വിവേചനങ്ങളും പാടില്ലെന്ന ഭരണഘടനാ തത്വമായിരുന്നു ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടനാബഞ്ചിന്റെ വിധിയുടെ അടിസ്ഥാനങ്ങളില്‍ ഒന്ന്.
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിധിയെ എതിര്‍ത്തുകൊണ്ടുള്ള പുനപ്പരിശോധനാ ഹരജികളിന്‍മേല്‍ സുപ്രിംകോടതിയില്‍ നിര്‍ണായക വാദം പുരോഗമിക്കുന്നു. ആരാധനാലയങ്ങള്‍ പൊതുസ്ഥത്തിന്റെ പരിധിയില്‍ വരില്ലെന്ന വാദമാണ് വിധിയെ എതിര്‍ക്കുന്ന അഭിഭാഷകര്‍ പ്രധാനമായും കോടതിയില്‍ ഉന്നയിച്ചത്.ക്ഷേത്രം പൊതുവിടത്തിന്റെ പരിധിയില്‍ വരുമെന്നും അവിടെ ഒരുതരത്തിലുള്ള വിവേചനങ്ങളും പാടില്ലെന്ന ഭരണഘടനാ തത്വമായിരുന്നു ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിംകോടതി ഭരണഘടനാബഞ്ചിന്റെ വിധിയുടെ അടിസ്ഥാനങ്ങളില്‍ ഒന്ന്. കേസ് പരിഗണിക്കുന്നതിന് മുമ്പ് ആമുഖമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് കേസിന്റെ സ്വഭാവം സംബന്ധിച്ച് പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. പുനപ്പരിശോധനാ ഹരജിക്കൊപ്പം റിട്ട് ഹരജികളും കേസില്‍ ഇടപെടാന്‍ അപേക്ഷിച്ചുകൊണ്ടുള്ള ഹരജികളുംകൂടി പരിഗണിക്കുകയാണെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്.
എന്‍എസ്എസ് നല്‍കിയ ഹരജിയില്‍ ഹാജരായ കെ മോഹന്‍ പരാശരനാണ് ആദ്യം വാദിച്ചുതുടങ്ങിയത്. ആരാധനാലയങ്ങളെ പൊതുസ്ഥലമായി പരിഗണിക്കാന്‍ കഴിയില്ലെന്നും വിശ്വാസികള്‍ക്ക് മതസ്ഥാപനത്തില്‍ അവകാശമുണ്ടെന്നും അഡ്വ. കെ പരാശരന്‍ വാദിച്ചു. തുല്യതയും മതവിശ്വാസവും തമ്മില്‍ ബന്ധിപ്പിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുവതീപ്രവേശന വിധി തെറ്റാണെന്നാണ് കെ പരാശരന്‍ തന്റെ വാദത്തിന്റെ തുടക്കത്തില്‍ പറഞ്ഞത്. പ്രധാനപ്പെട്ട പല വിഷയങ്ങളും കോടതിക്ക് മുമ്പിലെത്തിയില്ലെന്ന് അദ്ദേഹം വാദിച്ചു. വിധി പുനപ്പരിശോധിക്കേണ്ട ആവശ്യമെന്താണെന്നാണ് ചീഫ് ജസ്റ്റിസ് ആദ്യം ഇടപെട്ട് ചോദിച്ചത്. പുനപ്പരിശോധനാ ഹരജികള്‍ക്കും റിട്ട് ഹരജികള്‍ക്കും ഏതാണ്ട് ഒരേ സ്വഭാവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിധിയിലെ പിഴവ് എന്തൊക്കെയാണെന്ന് വിശദീകരിക്കണമെന്നും രഞ്ജന്‍ ഗൊഗോയ് ആവശ്യപ്പെട്ടു.
ഭരണഘടനയുടെ 25ാം അനുച്ഛേദത്തെ ലംഘിക്കുന്ന വിധി പ്രസ്താവമാണ് ഭരണഘടനാബഞ്ച് നടത്തിയതെന്ന് കെ പരാശരന്‍ മറുപടി നല്‍കി. 55 പുനപ്പരിശോധന ഹരജികളും അഞ്ച് റിട്ട് ഹരജികളുമാണ് കോടതിയിലുള്ളത്. ഇതില്‍ ആറുപേരുടെ വാദം ഇതുവരെ പൂര്‍ത്തിയായി. സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും വാദംകൂടി മാത്രമേ ഇനി കേള്‍ക്കുകയുള്ളൂവെന്ന് സുപ്രിംകോടതി വ്യക്തമാക്കി.