പോസ്റ്റുമാൻമാർ ഏപ്രിൽ എട്ടുമുതൽ 21 വരെ വീടുകളിലെത്തിച്ചത് 344 കോടി രൂപ
ഇടപാടുകളിൽ ഉത്തർപ്രദേശാണ് മുന്നിൽ. കേരളത്തിന് ഏഴാംസ്ഥാനമാണ്. സംസ്ഥാനത്ത് തിരുവനന്തപുരമാണ് ഏറ്റവും കൂടുതൽ തുക വീട്ടിലെത്തിച്ചത്.
തിരുവനന്തപുരം: ഏപ്രിൽ എട്ടുമുതൽ 21 വരെയുള്ള കാലയളവിൽ പോസ്റ്റുമാൻമാർ ദേശവ്യാപകമായി വീടുകളിലെത്തിച്ചത് 344 കോടി(3,44,17,55,716) രൂപ. ഇടപാടുകളിൽ ഉത്തർപ്രദേശാണ് മുന്നിൽ. കേരളത്തിന് ഏഴാംസ്ഥാനമാണ്. സംസ്ഥാനത്ത് തിരുവനന്തപുരമാണ് ഏറ്റവും കൂടുതൽ തുക വീട്ടിലെത്തിച്ചത്.
ലോക്ക് ഡൗൺ കാലത്ത് സാധാരണക്കാർക്ക് ബാങ്കുകളിൽനിന്ന് പണം പിൻവലിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചത്. ആധാറിൽ അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുള്ള 93 ബാങ്കുകളിൽനിന്നാണ് ഇത്തരത്തിൽ വീട്ടുപടിക്കൽ പണം പിൻവലിക്കാനാവുക.
പണം ആവശ്യമുള്ളവർ വിവരം തപാലോഫീസിൽ അറിയിച്ചാൽ സംവിധാനവുമായി പോസ്റ്റുമാൻ വീട്ടിലെത്തും. ആവശ്യമായ വിവരങ്ങൾ അദ്ദേഹം യന്ത്രത്തിൽ രേഖപ്പെടുത്തിക്കഴിഞ്ഞാൽ നിക്ഷേപകന്റെ ഫോണിലേക്ക് കോഡ് സംഖ്യവരും. ഇതുപയോഗിച്ചാണ് പണം പിൻവലിക്കുക. പ്രത്യേകം സർവീസ് ചാർജുകളില്ലെന്നതാണ് സവിശേഷത. വരുംദിനങ്ങളിൽ കൂടുതൽ ഉപഭോക്താക്കൾ ഈ സേവനം ഉപയോഗപ്പെടുത്തുമെന്നാണ് തപാൽ വകുപ്പ് കണക്കുകൂട്ടുന്നത്.