കൈവരിയില്ലാത്ത പാലത്തില്‍ നിന്നും കനാലിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കൊളച്ചേരി കാവും ചാലിലെ സി ഒ ഭാസ്‌കരനാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.

Update: 2022-03-09 07:26 GMT

കൊളച്ചേരി: പള്ളിപ്പറമ്പ് മുക്കിലെ മസ്‌കറ്റ് ടെയിലേഴ്‌സിനു സമീപമുള്ള കൈവരിയില്ലാത്ത കനാലിലേക്ക് വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കൊളച്ചേരി കാവും ചാലിലെ സി ഒ ഭാസ്‌കരനാണ് ഇന്നലെ ഉച്ചയോടെ മരിച്ചത്.

കാവുംചാലില്‍ അനാദി കച്ചവടം നടത്തി വരുന്ന ഭാസ്‌കരന്‍ കമ്പിലില്‍ നിന്നും കടയിലേക്കുള്ള സാധനങ്ങളുമായി വരവെ നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. ഇദ്ദേഹം കനാലില്‍ വീണത് ആരും അറിഞ്ഞിരുന്നില്ല. ഏറെ നേരത്തിന് ശേഷം അത് വഴി വന്ന കുട്ടികള്‍ കനാലിലെ സ്‌കൂട്ടറിന്റെ ശബ്ദം കേട്ട് നോക്കിയപ്പോള്‍ കാണുകയും തുടര്‍ന്ന് പരിസരവാസികളെ അറിയിക്കുകയുമായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ കമ്പിലിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മയ്യില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

പള്ളിപ്പറമ്പ് മുക്കിലെ കുത്തനെയുള്ള കുന്നിറക്കം കഴിയുന്നിടത്തുള്ള കനാലിന് കൈവരിയില്ലാത്തതിന്റെ അപകട സാധ്യത നേരത്തെ തന്നെ നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടും യാതൊരു സുരക്ഷാ കരുതലും ഒരുക്കാത്തതാണ് ഈ ദുരന്തത്തിന് ഇടയായത്.

പരേതനായ മുരിക്കഞ്ചേരി നാരായണന്‍ (കുഞ്ഞമ്പു) നായരുടെയും ചെങ്ങുനി ഒതയോത്ത് ദേവകിയമ്മയുടെയും മകനാണ് മരണപ്പെട്ട ഭാസ്‌കരന്‍. ശൈലജയാണ് ഭാര്യ.

മക്കള്‍: അനശ്വര (പയ്യന്നൂര്‍ കോളജ് വിദ്യാര്‍ഥിനി), അനുഗ്രഹ (പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി, കമ്പില്‍ മാപ്പിളാ ഹയര്‍ സെക്കന്ററി സ്‌കൂള്‍).

സഹോദരങ്ങള്‍: സി ഒ കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍, കൊളച്ചേരി എയുപി സ്‌കൂള്‍) , സരസ്വതി, ജയശ്രീ, പരേതയായ സുലേഖ.സംസ്‌കാരം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം സംസ്‌കരിക്കും.


Tags:    

Similar News