ഭാര്യയെയും കുഞ്ഞിനെയും തീകൊളുത്തി കൊന്ന് യുവാവ് തൂങ്ങിമരിച്ചു

കൊച്ചി സര്‍വകലാശാലാ കാംപസിനു സമീപം പോട്ടച്ചാല്‍ നഗറിലാണു സംഭവം

Update: 2019-05-05 04:21 GMT
കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ ഭാര്യയെയും ഒന്നരവയസ്സുള്ള മകനെയും തീക്കൊളുത്തി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശി സജി(32)യാണ് ഭാര്യ പട്ടിമറ്റം സ്വദേശിനി ബിന്ദു(29)വിനെയും മകന്‍ ശ്രീഹരിയെയും കൊലപ്പെടുത്തി ജീവനൊടുക്കിയത്. കൊച്ചി സര്‍വകലാശാലാ കാംപസിനു സമീപം പോട്ടച്ചാല്‍ നഗറിലാണു സംഭവം. നിലത്ത് പായയില്‍ കിടന്നുറങ്ങുകയായിരുന്ന ബിന്ദുവിനെയും മകനെയും മണ്ണെണ്ണയോ പെട്രോളോ പോലുള്ള ഇന്ധനം ഉപയോഗിച്ച് തീകൊളുത്തിയശേഷം സജി ആത്മഹത്യ ചെയ്‌തെന്നാണു നിഗമനം. കാരണം വ്യക്തമല്ല. ബഹളം കേട്ടെത്തിയ ബിന്ദുവിന്റെ മാതാവ് ആനന്ദവല്ലിക്കു ഗുരുതരമായി പൊള്ളലേറ്റു. പരിസരവാസികള്‍ ഓടിയെത്തിയപ്പോഴേക്കും ബിന്ദുവും മകനും മരിച്ചിരുന്നു. തിരച്ചിലിനൊടുവിലാണ് സജിയെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആനന്ദവല്ലിയെ നാട്ടുകാര്‍ പിന്നീട് ആശുപത്രിയിലെത്തിച്ചു. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചിലാണു കളമശ്ശേരി വിദ്യാനഗറിനു സമീപം വാടകയ്ക്കു കുടുംബം താമസിക്കാനെത്തിയത്. സമീപത്തെ ഹോട്ടല്‍ ജീവനക്കാരനാണ് സജി. മദ്യലഹരിയിലാണു കൃത്യം ചെയ്തതെന്നാണു സംശയം. സജിയും ബിന്ദുവും തമ്മില്‍ നിരന്തരം വഴക്കിടാറുണ്ടെന്നാണ് പോലിസിനു ലഭിച്ച മൊഴി.
Tags:    

Similar News