കാനത്തിന് എതിരെ പോസ്റ്റര്‍; മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരേ പോസ്റ്ററൊട്ടിച്ച മൂന്നു പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു, കിസാന്‍ സഭ മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ എന്നിവരെയാണ് പുറത്താക്കിയതെന്നു സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി അറിയിച്ചു.
അതേസമയം പോസ്റ്റര്‍ ഒട്ടിച്ചതിനെതിരേ സിപിഐ ജില്ലാ സെക്രട്ടറി പോലിസില്‍ നല്കിയ പരാതിയില്‍ ഷിജുവിനെയും ജയേഷിനേയും പോലിസ് അറസ്റ്റ് ചെയ്തു. കൃഷ്ണകുമാര്‍ ഒളിവിലാണ്.
മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് പോലിസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫിസിനും രണ്ടു മാധ്യമസ്ഥാപനങ്ങള്‍ക്ക് മുന്നിലും കാനത്തിന് എതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കാനത്തെ മാറ്റൂ, സിപിഐ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്റര്‍. പോസ്റ്ററുകള്‍ പതിപ്പിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.
പോസ്റ്റര്‍ ഒട്ടിച്ചതിനെതിരേ സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രവര്‍ത്തകര്‍ കുടുങ്ങിയത്.