കുടിവെള്ള ലഭ്യത ഉറപ്പാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം; സംസ്ഥാനത്ത് ഇന്ന് 46പേര്‍ക്ക് സൂര്യാതപമേറ്റു
കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയാനുമായി മൂന്ന് സമിതികള്‍ രൂപീകരിക്കും
തിരുവനന്തപുരം: കൊടും ചൂടിന്റെ പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കണമെന്ന് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗമാണ് നിര്‍ദേശം നല്‍കിയത്. എല്ലാ ജില്ലകളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള ചുമതലയും കലക്ടര്‍മാര്‍ക്ക് നല്‍കി. കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പകര്‍ച്ചവ്യാധി പ്രതിരോധത്തിനും വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങുന്നത് തടയാനുമായി മൂന്ന് സമിതികള്‍ രൂപീകരിക്കാനും യോഗം തീരുമാനിച്ചു.
അതേസമയം, സംസ്ഥാനത്ത് തുടരുന്ന കൊടുംചൂടില്‍ ഇന്ന് 46 പേര്‍ക്ക് സൂര്യാതപവും രണ്ടുപേര്‍ക്ക് സൂര്യാഘാതവുമേറ്റു. ഒഴാഴ്ച കൂടി കടുത്ത ചൂട് തുടരുമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. അള്‍ട്രാവയലറ്റ് രശ്മികളുടെ തോതും കൂടിയതിനാല്‍ അതീവ ജാഗ്രത നിര്‍ദേശമാണ് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളത്. പകര്‍ച്ചവ്യാധികള്‍ക്കുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കൊല്ലത്ത് 19 പേര്‍ക്കും പാലക്കാട് 7 പേര്‍ക്കും കണ്ണൂരില്‍ മൂന്നുപേര്‍ക്കും കായംകുളം, പുനലൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും ഇന്ന് സൂര്യാതപമേറ്റു. പാലക്കാട് ഇന്നും ചൂട് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാലക്കാട് ചൂട് 41 ഡിഗ്രി സെല്‍ഷ്യസില്‍ തുടരുന്നത്. പാലക്കാട് ഇക്കുറി നേരത്തെ കൊയ്ത്ത് കഴിഞ്ഞ് പാടങ്ങളൊഴിഞ്ഞതും തണല്‍മരങ്ങള്‍ കുറഞ്ഞതും ആഘാതം കൂട്ടിയിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിലൂടെ പകല്‍ സമയത്ത് ഇരുചക്ര വാഹനങ്ങളിലെ യാത്രക്ക് നിയന്ത്രണം വേണമെന്നും മുന്നറിയിപ്പുണ്ട്.
റവന്യൂ അഡീഷണല്‍ സെക്രട്ടറിക്കാണ് വരള്‍ച്ച മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപന ചുമതല. സൂര്യാഘാതത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായത്തിനുള്ള മാനദണ്ഡങ്ങള്‍ പരിശോധിക്കാന്‍ റവന്യൂ- ആരോഗ്യ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഓരോ ദിവസം കഴിയുന്തോറും ചൂട് കൂടുന്ന സാഹചര്യത്തിലാണ് അടിയന്തര യോഗം വിളിച്ചത്. ചൂട് തുടര്‍ന്നാല്‍ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുമെന്ന് ദുരന്ത നിവാരണ അതോറിറ്റിയടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.