ഹോക്കിയിലെ ഇന്ത്യയുടെ വിജയം ആഘോഷിച്ച് ശ്രീജേഷിന്റെ കുടുംബം;സ്വര്‍ണ തിളക്കമുള്ള വെങ്കലമെന്ന് മാതാപിതാക്കള്‍

വെങ്കല മെഡലിനായി ഇന്ത്യ ജര്‍മ്മനിക്കെതിരെ കളത്തിലിറങ്ങിയപ്പോള്‍ ശ്രീജേഷിന്റെ കുടുംബവും വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു.തുടക്കം മുതല്‍ ഒടുക്കം വരെ ആകാംഷയുടെ മുള്‍മുനയിലായിരുന്ന മല്‍സരത്തില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ചുകൊണ്ട് അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ശ്രീജേഷിന്റെ വീട്ടിലും ആഹ്ലാദാരവം മുഴങ്ങി.പൂത്തിരി കത്തിച്ചും മധുര പലഹാരം വിതരണം ചെയ്തുമായിരുന്നു ആഘോഷം

Update: 2021-08-05 06:15 GMT

കൊച്ചി: 41 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഒളിംപിംക്‌സ് ഹോക്കിയില്‍ മലയാളി താരം ശ്രീജേഷിന്റെ കരുത്തില്‍ ഇന്ത്യ മെഡല്‍ നേടിയതിന്റെ ആഘോഷത്തിലാണ് ഇന്ത്യയുടെ വന്‍മതിലായി മാറിയ ശ്രീജേഷിന്റെ കുടുംബം. പൂത്തിരി കത്തിച്ചും മധുര പലഹാരം വിതരണം ചെയ്തുമായിരുന്നു ഇന്ത്യയുടെ വിജയം ആഘോഷിച്ചത്.മിന്നുന്ന സേവുകളിലൂടെ ശ്രീജേഷ് ഇന്ത്യയെ മെഡല്‍ നേട്ടത്തിലേക്ക് കൈപിടിച്ചുയര്‍ത്തുകയായിരുന്നു.വെങ്കല മെഡല്‍ പോരാട്ടത്തിനായി ഇന്ത്യ ജര്‍മ്മനിക്കെതിരെ കളത്തിലിറങ്ങിയപ്പോള്‍ ശ്രീജേഷിന്റെ കുടുംബവും വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു.തുടക്കം മുതല്‍ ഒടുക്കം വരെ ആകാംഷയുടെ മുള്‍മുനയിലായിരുന്ന മല്‍സരത്തില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ചുകൊണ്ട് അവസാന വിസില്‍ മുഴങ്ങിയപ്പോള്‍ ശ്രീജേഷിന്റെ വീട്ടിലും ആഹ്ലാദാരവം മുഴങ്ങി.

ഇതില്‍ പരം തങ്ങള്‍ക്ക് മറ്റൊരു സന്തോഷമില്ലെന്ന് ശ്രീജേഷിന്റെ പിതാവ് രവിയും മാതാവ് ഉഷയും പറഞ്ഞു.ഒളിംപിക്‌സില്‍ മെഡല്‍ നേടുകയെന്ന വര്‍ഷങ്ങളായുള്ള ശ്രീജേഷിന്റെയും തങ്ങളുടെയും കാത്തരിപ്പിന് ഫലമുണ്ടായെന്ന് ഇരുവരും പറഞ്ഞു.വളരെ അഭിമാനം തോന്നുന്നു.ദൈവത്തിനും ഇന്ത്യയുടെ വിജയത്തിനായി പ്രാര്‍ഥിച്ച ഒരോരുത്തര്‍ക്കും തങ്ങള്‍ നന്ദി പറയുകയാണെന്ന് ശ്രീജേഷിന്റെ പിതാവ് രവി പറഞ്ഞു.ശ്രീജേഷിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ മെഡല്‍ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് ഒളിംപിക്‌സിലും പങ്കെടുത്തെങ്കിലും മെഡല്‍ നേടാന്‍ കഴിയാത്തത്തിന്റെ സങ്കടം ശ്രീജേഷിനുണ്ടായിരുന്നുവെന്നും എന്നാല്‍ ഇത്തവണ നേടിയ വെങ്കല മെഡല്‍ നേട്ടത്തിലൂടെ അത് മാറിയെന്നും ശ്രീജേഷിന്റെ മാതാവ് ഉഷ പറഞ്ഞു.മല്‍സരം തുടങ്ങിയപ്പോള്‍ മുതല്‍ തങ്ങളും വലിയ ടെന്‍ഷനിലായിരുന്നു.മല്‍സരത്തിന്റെ തുടക്കത്തില്‍ വലിയ ടെന്‍ഷനാണ് അനുഭവിച്ചത്.ജര്‍മ്മനി ഇന്ത്യയ്‌ക്കെതിരെ ഗോള്‍ നേടിയപ്പോള്‍ വലിയ വിഷമുണ്ടായി.എങ്കിലും ഇന്ത്യ തിരിച്ചു വരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു.ഒടുവില്‍ കാത്തിരിപ്പിനു ഫലമുണ്ടായെന്നും മാതാവ് ഉഷ പറഞ്ഞു.

41 വര്‍ഷത്തിനു ശേഷം കിട്ടിയ ഈ വെങ്കല മെഡല്‍ സ്വര്‍ണത്തിനു തുല്യമാണെന്നും ഉഷ പറഞ്ഞു. ഇന്ത്യയ്ക്ക് അഭിമാനമായി ഒളിംപിക്‌സില്‍ ഒരു മെഡല്‍ നേടുകയെന്നത് ശ്രീജേഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നുവെന്ന് ശ്രീജേഷിന്റെ ഭാര്യ അനീഷ പറഞ്ഞു.രാജ്യത്തിന്റെ സ്വപ്‌നം സഫലമാക്കാന്‍ ശ്രീജേഷിനും ഇന്ത്യന്‍ ടീമിനും സാധിച്ചതില്‍ അഭിമാനമുണ്ട്.ശ്രീജേഷിന്റെ ഏറ്റവും വലിയ ആഗ്രഹവും സ്വപ്‌നവുമായിരുന്നു ഒളിംപിക്‌സ് ഹോക്കിയില്‍ മെഡല്‍ നേടുകയെന്നത്.അതിനായി വലിയ പരിശ്രമമാണ് ശ്രീജേഷ് നടത്തിയിരുന്നത്.ജര്‍മ്മനിക്കെതിരെ വിജയം നേടിയതിനു ശേഷം ശ്രീജേഷ് ഫോണില്‍ വിളിച്ച് സന്തോഷം പങ്കുവെച്ചിരുന്നുവെന്നും അനീഷ പറഞ്ഞു.

Tags:    

Similar News