' ശരീരം പ്രദര്‍ശിപ്പിക്കില്ല' ; ഒളിംപിക്‌സില്‍ ദേഹം മുഴുവന്‍ മറയുന്ന വസ്ത്രങ്ങളുമായി ജര്‍മന്‍ ജിംനാസ്റ്റുകള്‍

ശരീരം പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം വകവച്ചു നല്‍കുക എന്നതും സ്ത്രീ ശാക്തീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്നും ഇവര്‍ പറയുന്നു.

Update: 2021-07-27 10:00 GMT

ടോക്യോ: സ്‌പോര്‍ട്‌സ്, ഗെയിം ഇനങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ പൊതുവേ അല്‍പ്പവസ്ത്ര ധാരികളായിട്ടാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഒളിംപിക്‌സ് പോലെയുള്ള വിശ്വോത്തര മത്സരങ്ങളില്‍ ഇത് സാധാരണവുമാണ്. ഇറാനില്‍ നിന്നുള്ള വനിതകളെപ്പോലെ അപൂര്‍വ്വം ചിലര്‍ മാത്രമാണ് ഇതിന് അപവാദം. എന്നാല്‍ ജര്‍മന്‍ വനിതാ ജിംനാസ്റ്റിക് താരങ്ങള്‍ ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കാനെത്തിയത് ശരീരം മുഴുവന്‍ മറയുന്ന വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ്. ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സിലെ പരമ്പരാഗത വേഷമായ തോള് മുതല്‍ അരക്കെട്ട് വരെ മാത്രം മറയുന്ന ബിക്കിനി, സ്വിംസ്യൂട്ട് മാതൃകയിലുള്ള ലിയോടാര്‍ഡിന് പകരം കണങ്കാല്‍ വരെയെത്തുന്ന വേഷം ധരിച്ചാണ് സാറ വോസ്, പൗലീന്‍ ഷാഫര്‍ബെറ്റ്‌സ്, എലിസബ് സെയ്റ്റ്‌സ്, കിം ബ്യു തുടങ്ങിയ താരങ്ങള്‍ മത്സരിച്ചത്.


ഏറ്റവും അധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ് എന്ന് മൂന്നാമത്തെ പ്രാവശ്യം ഒളിംപിക്‌സിനെത്തിയ പൗലീന്‍ ഷേഫര്‍ പറഞ്ഞു. എന്ത് ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീകള്‍ക്ക് ഉണ്ടാവണം. ഇത് ലോകത്തെ മുഴുവന്‍ കാണിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.


നേരത്തെ അമേരിക്കന്‍ ജിംനാസ്റ്റിക്‌സിലെ സൂപ്പര്‍താരം സിമോണ്‍ ബില്‍സ് കാലുവരെ എത്തുന്ന ഇത്തരം വേഷങ്ങള്‍ക്കുവേണ്ടി രംഗത്തുവന്നിരുന്നു. ഏത് വേഷം ധരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം താരങ്ങള്‍ക്ക് നല്‍കണമെന്നും ബൈല്‍സ് ആവശ്യമുയര്‍ത്തിയിരുന്നു.


അതേസമയം എല്ലാ രാജ്യങ്ങളും വനിതാ താരങ്ങള്‍ക്ക് നാണംമറക്കാനുള്ള അവകാശം വകവെച്ചു കൊടുക്കുന്നില്ല. ബീച്ച് വോളിയില്‍ ബിക്കിനി ധരിച്ച് കളിക്കാന്‍ വിസമ്മതിച്ച നോര്‍വീജിയന്‍ ബീച്ച് വോളി ടീമിന് അധികൃതര്‍ പിഴയിട്ടിരുന്നു. ബിക്കിനിക്ക് പകരം സ്‌കിന്‍ ടൈറ്റ് ഷോട്ട്‌സ് ധരിക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, ഇത് സംഘാടകര്‍ വകവച്ചുകൊടുത്തിരുന്നില്ല. ലോകമെമ്പാടും സ്ത്രീ സ്വാതന്ത്ര്യത്തിന് മുറവിളി ഉയരുമ്പോള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന അവകാശം വകവെച്ചു നല്‍കണമെന്നാണ് വനിതാ താരങ്ങളുടെ ആവശ്യം. ശരീരം പ്രദര്‍ശിപ്പിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം വകവച്ചു നല്‍കുക എന്നതും സ്ത്രീ ശാക്തീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഭാഗമാണെന്നും ഇവര്‍ പറയുന്നു.




Tags:    

Similar News