തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി പ്രശ്നത്തിൽ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാൻ തീരുമാനിച്ച് സർക്കാർ. പ്രശ്നത്തിനു പരിഹാരം തേടി മുഖ്യമന്ത്രി ഇന്നു സെക്രട്ടേറിയറ്റിൽ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മുനമ്പത്തെ വഖ്ഫ് ഭൂമിയിൽ താമസിക്കുന്നവരുടെ റവന്യൂ അവകാശങ്ങളടക്കമുള്ള വിഷയങ്ങൾ കമ്മീഷൻ്റെ പരിഗണനയിൽ വരും. മൂന്നു മാസത്തിനകം കമ്മീഷൻ റിപോർട്ട് സമർപ്പിക്കണം. അതുവരെ താമസക്കാർക്ക് വഖ്ഫ് ബോർഡ് നോട്ടീസുകൾ അയക്കരുതെന്നും സർക്കാർ നിർദേശിച്ചു.
നിയമപരമായ സംരക്ഷണം ഉറപ്പാക്കണമെന്നും ഉന്നതതല യോഗ തീരുമാനത്തിലുണ്ട്. മുനമ്പത്തുനിന്ന് ആരെയും കുടിയൊഴിപ്പിക്കില്ലെന്നും താമസക്കാർക്ക് ആശങ്ക വേണ്ടെന്നും സർക്കാർ വ്യക്തമാക്കി.
ഇതിനിടെ, മുനമ്പം കേസിലെ നടപടികൾ റിപോർട്ട് ചെയ്യുന്നതിൽ നിന്ന് വഖ്ഫ് ബോർഡ് ട്രിബ്യൂണൽ ജഡ്ജി രാജൻ തട്ടിൽ മാധ്യമങ്ങളെ വിലക്കിയിട്ടുണ്ട്. കേസിൽ ഫാറൂഖ് കോളജിൻ്റെ ഹരജി പരിഗണിക്കുന്ന സാഹചര്യത്തിലാണ് ഈ വിലക്ക്.
അതേ സമയം, സർക്കാർ തീരുമാനം നിരാശാജനകമാണെന്നാണ് സമര സമിതിയുടെ പ്രതികരണം. റവന്യൂ അവകാശങ്ങൾ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടുള്ള വഖ്ഫ് ഭൂമിയിലെ താമസക്കാരുടെ പ്രതിഷേധ സമരം 43 ദിവസം പിന്നിട്ട വേളയിലാണ് ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാനുള്ള സർക്കാർ നീക്കം.
റവന്യൂ, വഖ്ഫ്, നിയമ വകുപ്പു മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരുമാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ പങ്കെടുത്തത്.