മുനമ്പം തെരഞ്ഞെടുപ്പ് വിഷയമാക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിന്: എം വി ഗോവിന്ദന്‍
എല്‍ഡിഎഫ് സര്‍ക്കാര്‍ കുടികിടപ്പുകാര്‍ക്കൊപ്പമാണ്.
തിരുവനന്തപുരം: മുനമ്പം വഖ്ഫ് ഭൂമി പ്രശ്‌നം തിരഞ്ഞെടുപ്പ് വിഷയമാക്കുന്നത് വര്‍ഗീയ ധ്രുവീകരണത്തിനാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കുടിയൊഴിപ്പിക്കലിന് സിപിഎം അനുകൂലമല്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ കുടികിടപ്പുകാര്‍ക്കൊപ്പമാണ്. കേരളത്തില്‍ ജന്മിമാര്‍ ഇല്ലാതാവാന്‍ കാരണം ഇടതുപക്ഷമാണ്. ഇടതുപക്ഷമാണ് ആധുനിക കേരളം സൃഷ്ടിച്ചത്. താമസിക്കുന്ന ഭൂമിയില്‍ നിന്ന് ആരെയും ഒഴിപ്പിക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് മാത്രം മുനമ്പത്ത് എന്തെങ്കിലും ചെയ്യാന്‍ കഴിയില്ല. നികുതി സ്വീകരിക്കാന്‍ തീരുമാനിച്ചത് സര്‍ക്കാരാണ്. എന്നിട്ടും അതിനെതിരെ കോടതിയില്‍ പോയെന്നും അദ്ദേഹം പറഞ്ഞു.
മതത്തിന്റെ അടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ തുടങ്ങിയ വിഷയം ഗൗരവമായി കാണുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയം സര്‍ക്കര്‍ പരിശോധിക്കുകയാണെന്നും ആവശ്യമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അഡ്മിനായി 'മല്ലു ഹിന്ദു ഓഫീസേഴ്‌സ്', 'മല്ലു മുസ്‌ലിം ഓഫീസേഴ്‌സ്' എന്നീ പേരുകളില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ചത് വിവാദത്തിന് കാരണമായിരുന്നു.
ഗ്രൂപ്പുകള്‍ താനുണ്ടാക്കിയതല്ലെന്നും തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ സൃഷ്ടിച്ചതാണെന്നും അദ്ദേഹം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. എന്നാല്‍ പിന്നീട് നടന്ന പോലീസ് പരിശോധനയില്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി.