സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ അന്വേഷണത്തിലും രാഷ്ട്രീയ വടംവലി
കസ്റ്റംസ് കണ്ണൂര്‍ സംഘത്തിനും പോലിസ് കൊടുവള്ളി സംഘത്തിനും പിന്നാലെ
രാമനാട്ടുകരയില്‍ വാഹനാപകടത്തില്‍പെട്ട് അഞ്ചുപേര്‍ മരണപ്പെട്ടതിനു പിന്നാലെയാണ് സ്വര്‍ണക്കടത്ത് ക്വട്ടേഷനെ കുറിച്ചുള്ള അന്വേഷണം ചര്‍ച്ചയായതും അഴീക്കോട്ടെ മുന്‍ ഡിവൈഎഫ് ഐ പ്രവര്‍ത്തകന്‍ അര്‍ജ്ജുന്‍ ആയങ്കി ഉള്‍പ്പെടെ അറസ്റ്റിലായതും. മൂന്നുവര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട് പറഞ്ഞ് പാര്‍ട്ടി കൈയൊഴിയാന്‍ ശ്രമിച്ചെങ്കിലും ശുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നേതൃത്വത്തെ തള്ളിപ്പറഞ്ഞ് ഭീഷണിയുമായി രംഗത്തെത്തിയത് സിപിഎ്മമിനെ വല്ലാതെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഭീഷണി സ്വരത്തിലുള്ള പരാമര്‍ശങ്ങളുണ്ടായത് പാര്‍ട്ടി രഹസ്യങ്ങള്‍ ചോര്‍ത്തുമെന്ന മുന്നറിയിപ്പായാണ് വിലയിരുത്തുന്നത്. അതിനാല്‍ തന്നെ ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ പ്രചാരണം ശക്തമാക്കുന്നതിനെ കുറിച്ച് ചില നേതാക്കള്‍ക്കിടയിലും ഭിന്നാഭിപ്രായം ഉടലെടുത്തിട്ടുണ്ടെന്നാണു സൂചന. അതേസമയം, സിപിഎമ്മിനെ മാത്രം ലക്ഷ്യമിട്ടുള്ള അന്വേഷണത്തെ മറികടക്കാനാണ് കൊടുവള്ളി, ചെര്‍പ്പുളശ്ശേരി സംഘത്തെ കണ്ടെത്താന്‍ പോലിസ് ശ്രമിക്കുന്നത്. കൊടുവള്ളി സംഘത്തില്‍ കൂടുതലും യുഡിഎഫ് അനുകൂലികളാണെന്നാണു റിപോര്‍ട്ട്. മാത്രമല്ല, ചെര്‍പ്പുളശ്ശേരി സംഘത്തില്‍ പോലിസ് അന്വേഷിക്കുന്നവരില്‍ യൂത്ത് ലീഗ് നേതാവുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. കണ്ണൂര്‍ സംഘത്തിലാവട്ടെ സിപിഎമ്മിനു പുറമെ ആര്‍എസ്എസ് പ്രവര്‍ത്തകരുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ പുത്തന്‍കണ്ടം ക്വട്ടേഷന്‍ സംഘമെന്ന പേരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുള്‍പ്പെട്ട സംഘം കുപ്രസിദ്ധി നേടിയിരുന്നു. മുമ്പ് കണ്ണൂരിലെ ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവിന് ഇവരുമായുള്ള ബന്ധത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും കാര്യമായ നടപടികളൊന്നുമുണ്ടായിരുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ പുകമറയില്‍ ഇത്തരം സംഘങ്ങള്‍ കൈകോര്‍ക്കാന്‍ തുടങ്ങിയിട്ടു കുറച്ചു കാലമായെങ്കിലും രാമനാട്ടുകര സംഭവത്തോടെ തള്ളിപ്പറയാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. സിപിഎമ്മിനെതിരേ രാഷ്ട്രീയ ആയുധമാക്കുകയാണെന്നു തിരിച്ചറിഞ്ഞാണ് മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളുമായി ബന്ധമുള്ളവരെ കൂടി കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ പോലിസ് അന്വേഷണം ത്വരിതപ്പെടുത്തുന്നത്. ചുരുക്കത്തില്‍ നാടിനെ ഭയപ്പെടുത്തുന്ന ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരായ അന്വേഷണവും രാഷ്ട്രീയവടംവലിയില്‍ ഒതുങ്ങുമെന്ന സംശയം ബലപ്പെടുകയാണ്.
Political tug-of-war in the gold smuggling quotation investigation