കുതിരാനില്‍ രണ്ടുദിവസം ഗതാഗത നിയന്ത്രണം; പാലക്കാട്ടേക്കുള്ള വാഹനങ്ങള്‍ വഴിതിരിച്ചുവിടും
പവര്‍ഗ്രിഡ് കോര്‍പറേഷന്റെ ഭൂഗര്‍ഭ കേബിളിടുന്നതിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ഏഴുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ രണ്ടുദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പവര്‍ഗ്രിഡ് കോര്‍പറേഷന്റെ ഭൂഗര്‍ഭ കേബിളിടുന്നതിന്റെ ട്രയല്‍ റണ്‍ നടക്കുന്നതിനാലാണ് ഗതാഗത നിയന്ത്രണം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ ഏഴുമണി മുതല്‍ വൈകീട്ട് ഏഴുവരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ഭാഗത്തുനിന്നുളള വാഹനങ്ങള്‍ക്ക് ഗതാഗത നിയന്ത്രണം ബാധമകമല്ല. എറണാകുളം-തൃശൂര്‍ ഭാഗത്തേക്ക് കുതിരാന്‍ വഴി പാലക്കാട് ഭാഗത്തേക്ക് പോവുന്ന വാഹനങ്ങള്‍ക്കാണ് നിയന്ത്രണം.
12 ടണ്ണിന് മുകളിലേക്കുള്ള ആറ് ചക്ര വാഹനങ്ങള്‍, കെഎസ്ആര്‍ടിസി, സ്വകാര്യ ആംബുലന്‍സ് പോലുളള അടിയന്തര വാഹനങ്ങള്‍ എന്നിവയ്ക്കും നിയന്ത്രണം ബാധകമല്ല. എറണാകുളം, അങ്കമാലി ഭാഗത്തുനിന്ന് തൃശൂര്‍ ടൗണ്‍വഴി കോഴിക്കോട്, ഷൊര്‍ണൂര്‍, ഒറ്റപ്പാലം ഭാഗത്തേക്ക് പോവുന്ന വാഹങ്ങളെയും നിയന്ത്രണം ബാധിക്കില്ല. പാചകവാതക ലോറികള്‍ക്കും സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോവുന്ന വാഹനങ്ങള്‍ക്കും ഈ സമയം നിയന്ത്രണമുണ്ട്. പ്രതിദിനം 27,000 വാഹനങ്ങള്‍ കടന്നുപോവുന്ന വഴിയാണ് കുതിരാന്‍ ദേശീയപാത. തുരങ്കപാതയില്‍ ചരക്കുലോറികള്‍ കടത്തിവിടാന്‍ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. വായുസഞ്ചാരം സുഗമമാക്കാനുള്ള സംവിധാനം, അഗ്‌നിശമനസേന സംവിധാനം തുടങ്ങി എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ 15 ദിവസം വീതം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിനു മുന്നോടിയായി ഗതാഗത നിയന്ത്രണം നിരീക്ഷിക്കാന്‍കൂടി വേണ്ടിയാണ് രണ്ടുദിവസത്തെ പരിഷ്‌കാരം. 300 പോലിസുകാരെയും 75 പവര്‍ഗ്രിഡ് ജീവനക്കാരെയും ജോലിക്കായി നിയോഗിച്ചു. മലബാറിലേയ്ക്കുള്ള ഭൂഗര്‍ഭ വൈദ്യുത ലൈന്‍ സ്ഥാപിക്കാനാണ് കേബിളുകള്‍ സ്ഥാപിക്കുന്നത്. ഭൂഗര്‍ഭ വൈദ്യുത ലൈന്‍ വരുന്നതോടെ മലബാറിന്റെ വൈദ്യുതി ക്ഷാമം പരിഹരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.