രണ്ടുദിവസത്തിനിടെ മൂന്നിടത്ത് ബോംബ് സ്‌ഫോടനം; ആര്‍എസ്എസ് സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുന്നു: പോപുലര്‍ ഫ്രണ്ട്

Update: 2021-11-23 13:41 GMT

കോഴിക്കോട്: ആര്‍എസ്എസ്സും പോഷകസംഘടനകളും സംസ്ഥാനത്ത് വര്‍ഗീയ കലാപത്തിന് കോപ്പുകൂട്ടുകയാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍. ഇതിനായി വ്യാപകമായി വര്‍ഗീയ പ്രചാരണങ്ങള്‍ നടത്തുകയും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബുകള്‍ നിര്‍മിക്കുകയും വന്‍തോതില്‍ ആയുധങ്ങള്‍ സംഭരിക്കുകയുമാണ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം മൂന്ന് ആര്‍എസ്എസ് കേന്ദ്രങ്ങളിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ആലപ്പുഴ ചാത്തനാട് ബോംബ് നിര്‍മാണത്തിനിടെ നിരവധി കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍(കണ്ണന്‍) കൊല്ലപ്പെട്ടിരുന്നു.

തൊട്ടടുത്ത ദിവസം കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ആരോപണം നേരിടുന്ന കണ്ണൂരിലെ ആര്‍എസ്എസ് നേതാവിന്റെ വീട്ടിലും സ്‌ഫോടനമുണ്ടായി. പിന്നാലെ കണ്ണൂര്‍ നരിവയലില്‍ ആര്‍എസ്എസ് കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ പന്ത്രണ്ട് വയസ്സുകാരനും പരിക്കേറ്റിരുന്നു. ഐസ്‌ക്രീം ബോളിലുണ്ടാക്കിയ ബോംബാണ് പൊട്ടിത്തെറിച്ചത്. പ്രദേശത്തുനിന്നും പൊട്ടാത്ത ഐസ്‌ക്രീം ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഈ മൂന്ന് സംഭവങ്ങളിലും പോലിസ് കാര്യക്ഷമമായി അന്വേഷണം നടത്തിയിട്ടില്ലെന്ന് എ അബ്ദുല്‍ സത്താര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.

ആര്‍എസ്എസ് കേന്ദ്രങ്ങളില്‍നിന്നും ആയുധങ്ങള്‍ കണ്ടെടുക്കുന്നതും ആര്‍എസ്എസ് നേതാക്കള്‍ പരസ്യമായി ആയുധപ്രദര്‍ശനം നടത്തുന്നതും സമീപകാലത്ത് വര്‍ധിച്ചിട്ടുണ്ട്. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളുകളും അമ്പലങ്ങളും സേവാകേന്ദ്രങ്ങളുമെല്ലാം ആയുധപ്പുരകളായി മാറുകയാണ്. ആര്‍എസ്എസ്സിന്റെ പോഷക സംഘടനയായ സേവാഭാരതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പറവൂരിലെ അമ്പാടി സേവാകേന്ദ്രത്തിന്റെ കീഴിലുള്ള ആംബുലന്‍സില്‍നിന്നും അടുത്തിടെ തോക്ക് പിടികൂടിയിരുന്നു. മുമ്പ് കേരളത്തിലെ സംഘപരിവാര നേതാക്കള്‍ തോക്കുകള്‍ ഉള്‍പ്പെടെ വന്‍തോതില്‍ മാരകായുധങ്ങള്‍ പൂജയ്ക്ക് വയ്ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

അടുത്തടുത്ത ദിവസങ്ങളില്‍ മൂന്നിടത്ത് ബോംബ് സ്‌ഫോടനം നടന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ആര്‍എസ്എസ്, ബിജെപി നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും സേവാഭാരതി ഉള്‍പ്പടെ ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള മുഴുവന്‍ ചാരിറ്റി സ്ഥാപനങ്ങളിലും പോലിസ് റെയ്ഡ് നടത്തണം. സംഭവത്തില്‍ ഗൗരവതരമായ അന്വേഷണം പോലിസ് നടത്തിയിട്ടില്ലെന്നത് വസ്തുതയാണ്. സംഘപരിവാറിന് വേണ്ടി പോലിസ് നടത്തുന്ന ഈ വിടുപണി കേരളത്തെ അപകടകരമായ ഒരു സാഹചര്യത്തിലേക്കാണ് കൊണ്ടുപോവുന്നത്.

ആര്‍എസ്എസ് ഭീകരരുടെ പരിശീലന കേന്ദ്രങ്ങളില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനങ്ങളുണ്ടാവുന്ന സംഭവം ആദ്യത്തേതല്ല. ഇത്തരം സംഭവങ്ങള്‍ അന്വേഷിച്ച് നടപടിയെടുക്കുന്നതില്‍ പോലിസ് നിഷ്‌ക്രിയത്വം തുടരുകയാണ്. മാധ്യമങ്ങളും രാഷ്ട്രീയപ്പാര്‍ട്ടികളും ഈ ആയുധശേഖരണത്തിനെതിരേ കണ്ണടയ്ക്കുകയാണ്. വിഷയം ഗൗരവമായെടുത്ത് കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

Tags:    

Similar News