കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപമുണ്ടാവുമെന്ന് അമിത് ഷാ; കേസെടുത്ത് ബെംഗളൂരു പോലിസ്
ബെംഗളൂരു: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയ കലാപങ്ങളുണ്ടാവുമെന്ന പരാമര്‍ശത്തില്‍ കേന്ദ്ര മന്ത്രി അമിത് ഷാക്കെതിരേ കേസെടുത്ത് ബെംഗളൂരു ഹൈഗ്രൗണ്ട് പോലിസ്. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരുടെ പരാതിയിലാണ് കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 153എ പ്രകാരം ഇരുവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിച്ചതിനും 171 ജി പ്രകാരം തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി തെറ്റിദ്ധാരണാപരമായ പ്രസ്താവന നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.
ആഭ്യന്തര മന്ത്രിയെന്ന പദവിക്ക് നിരക്കാത്ത പ്രസ്താവനയാണ് അമിത് ഷായുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതെന്നും കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും പരാതി സമര്‍പ്പിച്ചതിന് പിന്നാലെ ഡി കെ ശിവകുമാര്‍ പറഞ്ഞു. 'വര്‍ഗീയതയും വിദ്വേഷവും ആളിക്കത്തിക്കുന്ന പരാമര്‍ശമാണ് അമിത് ഷാ നടത്തിയിട്ടുള്ളത്. ഒരു സാധാരണക്കാരനാണ് ഇങ്ങനെയൊരു പരാമര്‍ശം നടത്തിയതെങ്കില്‍ അറസ്റ്റ് ചെയ്യുമായിരുന്നില്ലേ, അമിത് ഷാ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയാണ്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ വര്‍ഗീയ കലാപമുണ്ടാകുമെന്ന അപകടകരമായ പ്രസ്താവന അദ്ദേഹം നടത്താന്‍ പാടില്ലായിരുന്നു. വിഷയത്തെ നിയമപരമായി തന്നെ നേരിടും,' ഡി.കെ ശിവകുമാര്‍ പറഞ്ഞു. നേരത്തെ കര്‍ണാടകയിലെ ബാഗല്‍ക്കോട്ടില്‍ നടത്തിയ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ണാടകയില്‍ വര്‍ഗീയ കലാപങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന. കര്‍ണാകയുടെ ഭാവി സുരക്ഷിതമാക്കാന്‍ സംസ്ഥാനത്തെ നരേന്ദ്ര മോദിയുടെ കരങ്ങളില്‍ ഏല്‍പ്പിക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും ബിജെപിയോട് പിണങ്ങി പാര്‍ട്ടി വിട്ട നേതാക്കളെ സ്വീകരിച്ചത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തത്തിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.