തൃശൂര്‍ പൂരത്തിനിടെ ആല്‍മരം വീണ് അപകടം; മരണം രണ്ടായി
തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗം രമേശ് (56), പൂങ്കുന്നം സ്വദേശിയായ പന്നിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.
തൃശൂര്‍: പൂരത്തിനിടെ മരം വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗം രമേശ് (56), പൂങ്കുന്നം സ്വദേശിയായ പന്നിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. രാത്രി 12ഓടെ തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെയാണ് ആല്‍മരം കടപുഴകിയത്. 25 പേര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ നഗരത്തിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്.
എട്ടുപേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒന്നര മണിക്കൂര്‍ സമയമെടുത്താണ് ഫയര്‍ഫോഴ്‌സ് ആല്‍മരം മുറിച്ചുമാറ്റിയത്. പൂരം ഡ്യൂട്ടിയിലുണ്ടായിരുന്ന അന്തിക്കാട് സിഐ ഉള്‍പ്പെടെ ഏതാനും പോലിസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കുമ്പോഴാണ് അപകടം സംഭവിച്ചത്.
പഞ്ചവാദ്യസംഘത്തിന് മുകളിലേക്ക് വൈദ്യുത ലൈനിനു മുകളിലൂടെ സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന വിരണ്ടോടിയെങ്കിലും സ്ഥിതിഗതികള്‍ അല്‍പസമയത്തിനുള്ളില്‍തന്നെ നിയന്ത്രണവിധേയമാക്കാനായി. ആള്‍ക്കൂട്ടം കുറവായതിനാലും വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാലും വന്‍ദുരന്തമൊഴിവായി. സംഭവസ്ഥലത്ത് പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ജില്ലാ കലക്ടറും പോലിസ് മേധാവിയും സ്ഥലത്തെത്തി.