ട്രോളിങ് നിരോധനം അവസാനിക്കുന്നു; പ്രതീക്ഷകൾക്കൊപ്പം ആശങ്കകളുമായി തീരദേശം
52 ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മത്സ്യതൊഴിലാളികള്‍. ബോട്ടുകളുടേയും വലയടക്കമുള്ള മറ്റ് സാമഗ്രികളുടേയും അറ്റകുറ്റപ്പണികളും പെയിന്റിങ്ങുമൊക്കെയായി ഹാര്‍ബറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ സജീവമായിക്കഴിഞ്ഞിരുന്നു. എന്നാല്‍ മത്സ്യ ലഭ്യത കുറവാകുമെന്ന ആശങ്കയും തൊഴിലാളികള്‍ക്കുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രിയില്‍ അവസാനിക്കും. 52 ദിവസത്തെ ഇടവേളയ്ക്കു ശേഷം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മത്സ്യതൊഴിലാളികള്‍. ബോട്ടുകളുടേയും വലയടക്കമുള്ള മറ്റ് സാമഗ്രികളുടേയും അറ്റകുറ്റപ്പണികളും പെയിന്റിങ്ങുമൊക്കെയായി ഹാര്‍ബറുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍തന്നെ സജീവമായിക്കഴിഞ്ഞിരുന്നു. എന്നാല്‍ മത്സ്യ ലഭ്യത കുറവാകുമെന്ന ആശങ്കയും തൊഴിലാളികള്‍ക്കുണ്ട്. ബോട്ടുകളില്‍ പണിയെടുക്കുന്നവര്‍ക്ക് പുറമേ ഹാര്‍ബറുകളിലും അനുബന്ധ തൊഴിലിലേര്‍പ്പെട്ടിരിക്കുന്ന ഐസ് പ്ലാന്റ് തൊഴിലാളികള്‍, പീലിങ് ഷെഡ് തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ തുടങ്ങിയ പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്കും ഇനി പ്രതീക്ഷയുടെ നാളുകളാണ്.
അതേസമയം, മല്‍സ്യബന്ധന യാനങ്ങളുടെ ലൈസന്‍സ് ഫീസ് അടക്കമുള്ളവ വര്‍ധിപ്പിച്ചതിനെതിരായ പ്രതിഷേധവും ശക്തമാണ്. ചെറിയ വള്ളങ്ങള്‍ക്ക് 200ല്‍നിന്ന് 2001 രൂപയായും വലിയ വള്ളങ്ങള്‍ക്ക് 5000ല്‍ നിന്ന് 52,500 രൂപയിലേക്കുമാണു വര്‍ധനവുണ്ടായിരിക്കുന്നത്. പന്ത്രണ്ട് നോട്ടിക്കല്‍ മൈലിന് ശേഷം മാത്രമേ ബോട്ടുകള്‍ മീന്‍പിടിക്കാന്‍ പാടുള്ളു എന്ന പുതിയ നിര്‍ദേശവുമുണ്ട്. ലൈസന്‍സ് ഫീസിന്റെ പത്തിരിട്ടിയിലധികമുള്ള വര്‍ധനവ് വലിയ പ്രഹരമാണ് ഏല്‍പ്പിക്കുന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
വലകള്‍ നന്നാക്കുവാനും മറ്റുമായി വലിയ തുക തന്നെ ചിലവാകുന്നുണ്ട്. വലിയ ബോട്ടിന്റെ നവീകരണത്തിന് നാലു ലക്ഷം വരെ ചെലവുവരും. ഇതിന് പുറമേ ആറു മാസം കൂടുമ്പോള്‍ പെയിന്റടിച്ചില്ലെങ്കില്‍ തുരുമ്പു കയറിത്തുടങ്ങും. പെയിന്റുള്‍പ്പെടെയുള്ള സാമഗ്രികള്‍ക്ക് വില കൂടിയതും വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ട്രോളിങ് നിരോധനം ആരംഭിക്കുന്ന സമയത്തെക്കാള്‍ ഡീസലിന് ഇതുവരെ 3 രൂപ കൂടിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കുറയുമെന്ന് പ്രതീക്ഷയില്ലെന്നും 80 മുതല്‍ 100 നോട്ടിക്കല്‍ മൈല്‍ വരെ ഉള്‍ക്കടലിലേക്കു പോകുന്ന ബോട്ടുകള്‍ക്ക് ഇന്ധനവില വര്‍ധനവ് വലിയ നഷ്ടമുണ്ടാക്കുമെന്നും ഒരാഴ്ചയോളം കടലില്‍ തങ്ങേണ്ടതായി വരുമ്പോള്‍ ഭക്ഷണ സാമാഗ്രികള്‍ ഉള്‍പ്പെടെയുള്ളവയുടെ വില വര്‍ധനവും തങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതായി തൊഴിലാളികള്‍ പ്രതികരിച്ചു. ഇതിനുപുറമേ തൊഴിലാളികളുടെ ഇന്‍ഷുറന്‍സ് പ്രീമിയം 108 രൂപയില്‍നിന്ന് 480 ആക്കിയിട്ടുണ്ടെന്നും തൊളിലാളികള്‍ പറയുന്നു.