ട്രോളിങ് നിരോധനം; തീരദേശത്ത് ഇനി വറുതിയുടെ നാളുകൾ

ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്. ഇതോടെ തീരദേശത്തെ കടലിന്റെ മക്കള്‍ക്ക് വറുതിയുടെ നാളുകളും തുടങ്ങുകയാണ്. ബോട്ടുകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പുറമേ ഹാര്‍ബറുകളില്‍ പണിയെടുക്കുന്ന പതിനായിരങ്ങളും ദുരിതത്തിലാവും.

Update: 2019-06-09 07:41 GMT
ട്രോളിങ് നിരോധനം; തീരദേശത്ത് ഇനി വറുതിയുടെ നാളുകൾ

തിരുവനന്തപുരം: മൽസ്യമേഖലയുടെ സംരക്ഷണത്തിനും അഭിവൃദ്ധിക്കുമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി നിലവില്‍ വരും. ജൂലൈ 31 വരെ നീണ്ടുനില്‍ക്കുന്ന 52 ദിവസത്തെ ട്രോളിങ് നിരോധനമാണ് നടപ്പാക്കുന്നത്. ഇതോടെ തീരദേശത്തെ കടലിന്റെ മക്കള്‍ക്ക് വറുതിയുടെ നാളുകളും തുടങ്ങുകയാണ്.

ബോട്ടുകളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് പുറമേ ഹാര്‍ബറുകളില്‍ പണിയെടുക്കുന്ന പതിനായിരങ്ങളും ദുരിതത്തിലാവും. 52 ദിവസം എങ്ങനെ കടന്ന് പോകുമെന്ന ആശങ്കയിലാണ് മൽസ്യതൊഴിലാളികള്‍. ജോലി നഷ്ടമാവുന്ന മൽസ്യതൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ലഭിക്കുന്നില്ലന്നാണ് പരാതി. അതിനു പുറമെ ജോലി നഷ്ടപ്പെടുന്നവരുടെ  കുടുംബങ്ങള്‍ക്ക് സഹായധനം നല്‍കണമെന്ന ആവശ്യവും അവര്‍ മുന്നോട്ടുവെയ്ക്കുന്നു.

നിരോധന കാലത്ത് പരമ്പരാഗത മൽസ്യബന്ധന യാനങ്ങളായ ഔട്ട് ബോര്‍ഡ്/ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച വള്ളങ്ങള്‍ക്കും എഞ്ചിന്‍ ഘടിപ്പിക്കാത്ത വള്ളങ്ങള്‍ക്കും മറ്റ് തരത്തിലുളള മൽസ്യബന്ധനം അനുവദനീയമാണെങ്കിലും ഇവയില്‍ ആഴക്കടലിലേക്ക് പോയി മൽസ്യബന്ധനം നടത്താന്‍ സാധിക്കില്ല. എത്തിച്ചേര്‍ന്നാല്‍ തന്നെ ഇതര മത്സ്യബന്ധന മാര്‍ഗങ്ങളിലൂടെ കാര്യമായൊന്നും ലഭിക്കില്ലെന്നുമാണ് തൊഴിലാളികള്‍ പറയുന്നത്. കൂടാതെ കടുത്ത വേനല്‍ ചൂടിനെയും അശാസ്ത്രീയ മൽസ്യബന്ധനത്തെയും തുടര്‍ന്ന് കടലിലെ മൽസ്യസമ്പത്ത് കുറഞ്ഞത് ഇവരെയും സാരമായി ബാധിക്കും.

മത്സ്യതൊഴിലാളികള്‍ക്കൊപ്പം വെള്ളം കോരികള്‍, പീലിങ് ഷെഡ് തൊഴിലാളികള്‍, ഐസ് പ്ലാന്റ് തൊഴിലാളികള്‍, ചുമട്ട് തൊഴിലാളികള്‍ തുടങ്ങി അനുബന്ധ തൊഴിലാളികളെയും നിരോധനം ബാധിക്കും.

കഴിഞ്ഞ വര്‍ഷവും 52 ദിവസത്തെ ട്രോളിങ് നിരോധനം നടപ്പാക്കിയിരുന്നു. മത്സ്യസമ്പത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനുമാണ് ട്രോളിങ് നിരോധനം. കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് പ്രകാരം യന്ത്രവൽകൃത മൽസ്യബന്ധന ബോട്ടുകളോ ഔട്ട് ബോര്‍ഡ്/ഇന്‍ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച യാനങ്ങളോ തീരക്കടലില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ മൽസ്യബന്ധനം നടത്താന്‍ പാടില്ല. കരയില്‍നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ അല്ലെങ്കില്‍ 22 കിലോമീറ്റര്‍ വരെ അടുത്തമാസം 31 വരെയാണ് നിരോധനം നിലനില്‍ക്കുക. രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിങ് നിരോധിച്ചിട്ടുണ്ട്. എല്ലാ യാനങ്ങളിലും രജിസ്ട്രേഷന്‍ മാര്‍ക്ക് നിര്‍ബന്ധമായും ഉണ്ടാവണം.

എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ നിരോധനത്തിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നിരോധന കാലയളവില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 80 മത്സ്യത്തൊഴിലാളി യുവാക്കള്‍ കടല്‍ സുരക്ഷാ സേനാംഗങ്ങളായി പ്രവര്‍ത്തിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് തീരം വിട്ടു പോകും.

Tags:    

Similar News