കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് ഇരട്ടസഹോദരങ്ങള്‍ മുങ്ങിമരിച്ചു
മുതുകുളം ബംഗ്ലാവില്‍ചിറ പുത്തന്‍വീട്ടില്‍ അഖില്‍ (28), അരുണ്‍ (28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇവരുടെ പിതാവ് ഉദയന്‍ ഒമ്പതുദിവസം മുമ്പാണ് മരിച്ചത്.
കായംകുളം: മരച്ചില്ലകള്‍ വാരിനീക്കുന്നതിനിടെ മണലെടുത്ത കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് ഇരട്ടസഹോദരങ്ങള്‍ മുങ്ങിമരിച്ചു. മുതുകുളം ബംഗ്ലാവില്‍ചിറ പുത്തന്‍വീട്ടില്‍ അഖില്‍ (28), അരുണ്‍ (28) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഇവരുടെ പിതാവ് ഉദയന്‍ ഒമ്പതുദിവസം മുമ്പാണ് മരിച്ചത്. സംസ്‌കാരത്തിനായി മുറിച്ച മരത്തിന്റെ ചില്ലകള്‍ വീടിനു സമീപത്തെ വെള്ളക്കെട്ടില്‍ കിടക്കുകയായിരുന്നു. സഹോദരി ഭര്‍ത്താവ് റെജിയോടൊപ്പം മരച്ചില്ലകള്‍ വാരി കരയിലേക്ക് നീക്കുന്നതിനിടെ അഖില്‍ കാല്‍വഴുതി വെള്ളക്കെട്ടിലേക്ക് താഴ്ന്നുപോവുന്നതുകണ്ട് രക്ഷിക്കാന്‍ ചാടിയ അരുണും അപകടത്തില്‍പെടുകയായിരുന്നു.
വെള്ളക്കെട്ടിന് മറുകരെ നിന്ന റെജി രക്ഷാപ്രവര്‍ത്തനത്തിന് വടവുമായി ഓടിയെത്തിയപ്പോഴേക്കും ഇരുവരും താഴ്ന്നുപോയിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ ഇരുവരെയും മുങ്ങിയെടുത്ത് മുതുകുളത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഖിലും അരുണും എറണാകുളത്തെ സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാരാണ്. ഡിസംബര്‍ 22നായിരുന്നു അരുണിന്റെ വിവാഹം. കനകക്കുന്ന് പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.