കാസര്‍കോട്ട് കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടുപേര്‍ മുങ്ങിമരിച്ചു

ആലമ്പാടി ബാഫഖി നഗറില്‍ താമസിക്കുന്ന തെക്കില്‍ സ്വദേശികളായ ഷാഫി-താഹിറ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍(17), ബെള്ളൂറടുക്കയിലെ ഓട്ടോഡ്രൈവര്‍ ബി എ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സാലി(17) എന്നിവരാണ് മരിച്ചത്

Update: 2019-07-31 15:46 GMT

കാസര്‍കോട്: നീര്‍ച്ചാല്‍ മാന്യയില്‍ കുളത്തില്‍ കുളിക്കുന്നതിനിടെ രണ്ടുപേര്‍ മുങ്ങിമരിച്ചു. ആലമ്പാടി ബാഫഖി നഗറില്‍ താമസിക്കുന്ന തെക്കില്‍ സ്വദേശികളായ ഷാഫി-താഹിറ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ഖാദര്‍(17), ബെള്ളൂറടുക്കയിലെ ഓട്ടോഡ്രൈവര്‍ ബി എ മുഹമ്മദ്-സഫിയ ദമ്പതികളുടെ മകന്‍ അബൂബക്കര്‍ സാലി(17) എന്നിവരാണ് മരിച്ചത്. കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് ഇരുവരെയും കാണാതായത്. കൂടെയുണ്ടായിരുന്നവര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലിസും ഫയര്‍ ഫോഴ്‌സും നടത്തിയ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹം കുളത്തിന്റെ അടിത്തട്ടില്‍ നിന്നു കണ്ടെടുത്തത്. കര്‍ക്കിടക വാവ് അവധിയായതിനാല്‍ കൂട്ടുകാരോടൊപ്പം മാന്യയിലെ സംസം കുളത്തിലേക്ക് കുളിക്കാന്‍ പോയതായിരുന്നു ഇരുവരും. കൂട്ടുകാരായ ആറോളം പേരാണ് കുളിച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് ഇരുവരെയും കാണാതായത്. ഈ സമയം വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയവരും നാട്ടുകാരുമടക്കം 30ഓളം കുട്ടികള്‍ കുളത്തില്‍ കുളിക്കുന്നുണ്ടായിരുന്നു. ആദ്യം ശ്രദ്ധയില്‍പ്പെടാതിരുന്ന സുഹൃത്തുക്കള്‍ പിന്നീട് ഇരുവരെയും കുറേനേരെ അന്വേഷിച്ചെങ്കിലും കാണാത്തതിനെ തുടര്‍ന്നാണ് സമീപവാസികളെ വിവരമറിയിച്ചത്.

    ആലമ്പാടി ബാഫഖി നഗറില്‍ താമസിക്കുന്ന തെക്കില്‍ സ്വദേശികളായ ഷാഫി-താഹിറ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: നവാസ്, നൗഫല്‍(ദുബയ്), ഷാഹിന, സഫീറ.

    ഓട്ടോ ഡ്രൈവറായ ആലംപാടി ബെള്ളൂറടുക്കയിലെ മുഹമ്മദ്-ബി എ സഫിയ ദമ്പതികളുടെ മകനാണ് അബൂബക്കര്‍ സാലി. കുമ്പള അക്കാദമിയില്‍ പ്ലസ്ടു വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: ശഹബാസ്, നുസൈബ, ഷഹാന.








Tags:    

Similar News