കൊവിഡ്: കേരളത്തില്‍ രണ്ട് മരണം കൂടി; മരിച്ചത് മലപ്പുറം സ്വദേശികള്‍
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍ (75), കോഴിച്ചെന ചോലമാട്ടുപുറം പരേതനായ പങ്ങനാലക്കല്‍ സൈതലവിയുടെ ഭാര്യ ഖദീജ (65) എന്നിവരാണ് മരിച്ചത്.
മലപ്പുറം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മലപ്പുറം കോട്ടുക്കര സ്വദേശി മൊയ്തീന്‍ (75), കോഴിച്ചെന ചോലമാട്ടുപുറം പരേതനായ പങ്ങനാലക്കല്‍ സൈതലവിയുടെ ഭാര്യ ഖദീജ (65) എന്നിവരാണ് മരിച്ചത്. ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയവയ്ക്ക് ചികില്‍സ തേടിയിരുന്നയാളാണ് മരിച്ച മൊയ്തീനെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കുന്നു.
ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തിന്റെ ചികില്‍സ കൊവിഡ് ഐസിയുവില്‍ തുടര്‍ന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം പ്ലാസ്മ തെറാപ്പി ചികില്‍സയും നല്‍കിയെങ്കിലും ഹൃദയാഘാതമുണ്ടാവുകയും മരണപ്പെട്ടുകയുമായിരുന്നു. ഇദ്ദേഹത്തിന് കൊവിഡ് ബാധിതരുമായി സമ്പര്‍ക്കമുണ്ടായിരുന്നതായി മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
നാലുദിവസമായി മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു മരണപ്പെട്ട ഖദീജ. ചെറുകുടലിലെ രക്തസ്രാവത്തെത്തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഖദീജയെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഐസിയുവില്‍ ചികില്‍സ തുടര്‍ന്നുവെങ്കിലും മരണപ്പെടുകയായിരുന്നു. മക്കള്‍: തൗഫീക്ക്, താഹിര്‍, ഫക്രുദ്ദീന്‍, മുബാറക്ക്. മരുമക്കള്‍:സമീറ, റംസീന, ജുബൈരിയ്യ.