തോക്ക് ചൂണ്ടി സ്വര്‍ണ്ണാഭരണ വ്യപാരിയുടെ പണം അപഹരിക്കാന്‍ ശ്രമം: രണ്ട് പേര്‍ കൂടി പിടിയില്‍

അങ്കമാലി എടത്തോട് ഭാഗത്ത് തളിയപ്പുറം വീട്ടില്‍ സജിത്ത് (34), വരാപ്പുഴ ശാന്തിനഗര്‍ ചുവന്നാരുംപാടത്ത് വീട്ടില്‍ അഭിലാഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് അഞ്ച് പ്രതികളെ പോലിസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു

Update: 2021-06-17 14:28 GMT

കൊച്ചി: സ്വര്‍ണ്ണാഭരണ കട നടത്തുന്ന ഇടുക്കി സ്വദേശിയുടെ കാര്‍ തടഞ്ഞ് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍കൂടി കോതമംഗലം പോലിസിന്റെ പിടിയിലായി. അങ്കമാലി എടത്തോട് ഭാഗത്ത് തളിയപ്പുറം വീട്ടില്‍ സജിത്ത് (34), വരാപ്പുഴ ശാന്തിനഗര്‍ ചുവന്നാരുംപാടത്ത് വീട്ടില്‍ അഭിലാഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് അഞ്ച് പ്രതികളായ വടുതല പുന്നക്കാട്ട്‌ശ്ശേരി കണ്ടെയ്‌നര്‍ സാബു എന്ന് വിളിക്കുന്ന സാബു, ചക്കരപ്പറമ്പ് പുല്‍പറമ്പ് റോഡില്‍ പുറക്കാട്ടില്‍ വീട്ടില്‍ തംസ് എന്ന് വിളിക്കുന്ന നിധിന്‍ ആന്റണി, ചേരാനല്ലൂര്‍ ചിറ്റൂര്‍ ഹോളി ഫാമിലി ചര്‍ച്ച് ഭാഗത്തുള്ള പള്ളിക്ക വീട്ടില്‍ ആന്റണി റിജോയ്, വരാപ്പുഴ പാലക്കാപറമ്പില്‍ വീട്ടില്‍ ജെറി ജോസ്, ഇടുക്കി രാജകുമാരി കൊല്ലാര്‍മാലില്‍ വീട്ടില്‍ എല്‍ദോ മാത്യു എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

ഫെബ്രുവരി ഒന്നാം തീയതി ഇടുക്കി രാജാക്കാട് സ്വര്‍ണ്ണാഭരണകട നടത്തുന്ന ബെഷി എന്നയാള്‍ സ്വര്‍ണ്ണം വാങ്ങുവാനായി കാറില്‍ രാജകമാരിയില്‍ നിന്നും തൃശൂരിലേക്ക് പോകുന്ന വഴി, തങ്കളം മാര്‍ ബസേലിയോസ് ദന്തല്‍ കോളജിനു സമീപം പ്രതികള്‍ കാറിനെ വട്ടം വെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. പണവുമായിട്ടാണ് ബെഷി സഞ്ചരിക്കുന്നതെന്ന വിവരമറിഞ്ഞ് അത് തട്ടിയെടുക്കുന്നതിനാണ് രണ്ട് കാറുകളിലായി വന്ന പ്രതികള്‍ ശ്രമിച്ചത്. കണ്ടെയ്‌നര്‍ സാബുവും, സജിത്തും നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു.

കേസിലെ പ്രതിയായ രാജകുമാരിയിലുള്ള എല്‍ദോ മാത്യു ആക്രമിക്കപ്പെട്ട ജ്വല്ലറി ഉടമയുടെ സമീപത്ത് കട നടത്തുന്നയാളാണ്. എല്‍ദോ മാത്യുവും മറ്റ് പ്രതികളും ചേര്‍ന്നുള്ള ഗൂഡാലോചനയെ തുടര്‍ന്നാണ് ഈ കവര്‍ച്ചാ ശ്രമം നടന്നിട്ടുള്ളതെന്നും പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ മേല്‍നോട്ടത്തില്‍ രൂപികരിച്ച അന്വേഷണ സംഘത്തില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി സി ജി സനില്‍കുമാര്‍, കോതമംഗലം ഇന്‍സ്‌പെക്ടര്‍ ബി അനില്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ പി ഡി അനുപ് മോന്‍, രാജേഷ് എഎസ്‌ഐമാരായ മുഹമ്മദ്, രഘുനാഥ്, ഷിബു, ബിജു ജോണ്‍ സിപിഒ മാരായ സുനില്‍ മാത്യു, അനൂപ്, ശ്രീജിത്ത്, റിതേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

Tags:    

Similar News