മാരകമയക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ എക്‌സൈസ് പിടിയില്‍

Update: 2021-01-27 07:02 GMT

പരപ്പനങ്ങാടി: മാരകമയക്കുമരുന്നുകളുമായി രണ്ട് യുവാക്കളെ എക്‌സൈസ് സംഘം അറസ്റ്റുചെയ്തു. തിരൂര്‍ താനാളൂര്‍ നിരപ്പില്‍ സ്വദേശി തോട്ടുങ്ങല്‍ വീട്ടില്‍ പ്രബീഷ് (34), ഒഴൂര്‍ തലക്കാട്ടൂര്‍ സ്വദേശി കൊല്ലത്തേടത്ത് വീട്ടില്‍ സജീവ് (29) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരില്‍നിന്നും ഏതാണ്ട് ഒന്നരലക്ഷം രൂപയുടെ മയക്ക് മരുന്നുകള്‍ കണ്ടെടുത്തു. ഇവര്‍ സഞ്ചരിച്ച കാറും എക്‌സൈസ് പിടിച്ചെടുത്തു.


 തിരൂരങ്ങാടി, തിരൂര്‍ താലൂക്കുകളിലെ വിവിധ ഭാഗങ്ങളില്‍ യുവാക്കള്‍ക്കിടയിലും സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കിടയിലും സിന്തറ്റിക് മയക്ക് മരുന്നുകളുടെ വിപണനവും ഉപയോഗവും വ്യാപകമാവുന്നതായുള്ള രഹസ്യവിവരത്തിന്‍മേല്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. തിരൂരങ്ങാടി പാണ്ടിമുറ്റത്ത് കാറില്‍ വിതരണത്തിനെത്തിച്ച മാരക മയക്കുമരുന്ന് ഇനത്തില്‍പെട്ട 7700 മില്ലിഗ്രാം എംഡിഎംഎ (MDMA), 3800 മില്ലിഗ്രാം ഹാഷിഷ് ഓയില്‍ തുടങ്ങിയവയുമായാണ് ഇവര്‍ പിടിയിലായത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ പരപ്പനങ്ങാടി റേഞ്ച് എക്‌സൈസ് സംഘവും മലപ്പുറം എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ രഹസ്യനിരീക്ഷണത്തിനൊടുവിലാണ് ഇവര്‍ കുടുങ്ങിയത്. പരിശോധനയില്‍ ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ ഇന്റലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫിസര്‍ ടി ഷിജുമോന്‍, റേഞ്ച് പ്രിവന്റീവ് ഓഫിസര്‍മാരായ ടി പ്രജോഷ് കുമാര്‍, കെ പ്രദീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ശിഹാബുദ്ദീന്‍, നിതിന്‍ ചോമാരി, പി ബി വിനീഷ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ലിഷ തുടങ്ങിയവരും പങ്കെടുത്തു.

Tags:    

Similar News