യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റ് താല്‍ക്കാലികമായി പൂട്ടാന്‍ സാധ്യത
സ്വര്‍ണക്കടത്ത് കേസിൽ തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അതൃപ്തിയാണ് യുഎഇയുടെ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം: യുഎഇയുടെ തിരുവനന്തപുരം കോണ്‍സുലേറ്റ് താല്‍ക്കാലികമായി പൂട്ടാന്‍ സാധ്യത. സ്വര്‍ണക്കടത്ത് കേസിൽ തീവ്രവാദബന്ധം ആരോപിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ അതൃപ്തിയാണ് യുഎഇയുടെ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. ചെന്നൈയില്‍ കോണ്‍സുലേറ്റ് തുടങ്ങി കേരളത്തിലെ അറ്റസ്റ്റേഷന്‍ അവിടേക്കു മാറ്റാനാണ് ശ്രമിക്കുന്നത്.
കോണ്സല്‍ ജനറലിനെയും അറ്റാഷെയെയും പൂര്‍ണമായും വിശ്വാസത്തിലെടുത്തുള്ള നിലപാടാണു യുഎഇയുടേതെന്നാണ് മനസിലാവുന്നത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ പേരിലെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജെന്നു വിശേഷിപ്പിച്ചതാണ് അതൃപ്തിയ്ക്കുള്ള പ്രധാന കാരണം. തങ്ങളുടെ ഔദ്യോഗിക സംവിധാനം ഇടപെട്ട് അയച്ചതല്ലാത്തതിനാല്‍ സ്വര്‍ണമെത്തിയ ബാഗേജിനെ നയതന്ത്ര ബാഗേജ് എന്നു വിശേഷിപ്പിക്കരുത്. ദുബായില്‍നിന്ന് ആര്‍ക്കു വേണമെങ്കിലും കോണ്‍സുലേറ്റ് വിലാസത്തിലേക്കു കാര്‍ഗോ അയയ്ക്കാം. ഇതിനെ നയതന്ത്ര പരിരക്ഷയുള്ള ബാഗേജായി കണക്കാക്കാനാകില്ലെന്നു യുഎഇ അധികൃതര്‍ എന്ത്യന്‍ എംബസിയെ അറിയിച്ചു.നികുതിയും പിഴയുമടച്ച് തീര്‍ക്കാവുന്ന കസ്റ്റംസ് കേസ് മാത്രമായിരുന്നിട്ടും രാജ്യത്തിന് അപകീര്‍ത്തികരമായ സംഭവങ്ങളാണുണ്ടാകുന്നതെന്ന് അവര്‍ അറിയിച്ചതായാണു സൂചന.
കള്ളക്കടത്ത് കേസില്‍ കോണ്‍സല്‍ ജനറലിനെയും അറ്റാഷെയെയും കുറ്റക്കാരാക്കുന്നതിലും അമര്‍ഷമുണ്ട്. എന്‍ഐഎ സംഘം ദുബായിലെത്തിയെങ്കിലും പ്രതികളെ കാണാന്‍ അനുവദിക്കാതിരുന്നത് ഇതിനാലാണെന്നാണു വിലയിരുത്തല്‍. കോണ്‍സുലേറ്റിന്റെ സല്‍പ്പേരിനു കളങ്കമുണ്ടാക്കുന്ന നടപടിയായതിനാല്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് യുഎഇ വ്യക്തമാക്കിയെങ്കിലും ഫൈസല്‍ ഫരീദിനെ വിട്ടുതരാനോ അറ്റാഷെയെ ചോദ്യം ചെയ്യാനോ അനുവദിച്ചിട്ടില്ല.