സിവില്‍ സപ്ലൈസ് വകുപ്പില്‍ അനധികൃത നിയമനമെന്ന് ആരോപണം

സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ തസ്തികയില്‍ നിയമനം സാധ്യമല്ലെന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി നല്‍കുന്ന വിശദീകരണം. എന്നാല്‍ നിലവില്‍ ഇങ്ങനെയൊരു കേസില്ലെന്നും സുപ്രിംകോടതി നിയമനം തടഞ്ഞുവച്ച് ഉത്തരവ് പുറപ്പെടുവിച്ചതില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Update: 2019-02-10 10:23 GMT

കോഴിക്കോട്: സംസ്ഥാനത്തെ 14 ജില്ലകളിലേക്കായി 2015ല്‍ വിജ്ഞാപനം പുറപ്പെടുവിച്ച് പിഎസ്‌സി ലിസ്റ്റ് പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്‍ വ്യാപക അനധികൃത നിയമനമെന്ന് ആരോപണം. പിഎസ്‌സിയുടെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് അനധികൃത നിയമനമെന്ന് സംയുക്ത റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഈ തസ്തികയില്‍ നിയമനം സാധ്യമല്ലെന്നുമാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സി നല്‍കുന്ന വിശദീകരണം. എന്നാല്‍ നിലവില്‍ ഇങ്ങനെയൊരു കേസില്ലെന്നും സുപ്രിംകോടതി നിയമനം തടഞ്ഞുവച്ച് ഉത്തരവ് പുറപ്പെടുവിച്ചതില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു. രാഷ്ട്രീയ ഉദ്യോഗസ്ഥ ലോബിയുടെ ഇടപെടല്‍ മൂലം ഈ തസ്തികയില്‍ നിയമനം നിലക്കുകയും താല്‍ക്കാലികക്കാരെ തിരുകിക്കയറ്റുകയുമാണ്.    

    ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ പുറത്തു നിയമനം കാത്തുനില്‍ക്കുമ്പോള്‍ കോടതി ഉത്തരവുണ്ടെന്ന വ്യജ പ്രചാരണം നടത്തി നിയമന അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് പിഎസ്‌സിയും സര്‍ക്കാരും. ഒന്നാം റാങ്ക് ലഭിച്ച ഉദ്യോഗാര്‍ത്ഥി പോലും പല ജില്ലകളിലും നിയമനം കാത്തിരിക്കുന്നത്. ഒരുവര്‍ഷത്തിനടുത്തായി നിയമനം കാത്തുനില്‍ക്കാന്‍ തുടങ്ങിയിട്ട്. പിഎസ്‌സി വഴി സര്‍ക്കാര്‍ 93000 നിയമനങ്ങള്‍ നടത്തിയെന്ന് മുഖ്യമന്ത്രി ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്യാതെ എല്ലാ കാര്യങ്ങള്‍ക്കും ഒത്താശയായി സിവില്‍ സപ്ലൈസ് വകുപ്പും ഒത്തുകളിക്ക് കൂട്ടുനില്‍ക്കുകയാണ്. ഭക്ഷ്യ സുരക്ഷാ നിയമം നിലവില്‍ വന്നതിനു പിന്നാലെ പല ജില്ലകളിലും ധാരാളം ഒഴിവുകള്‍ നിലവിലുണ്ട്. എന്നാല്‍ രാഷ്ട്രീയക്കാര്‍ അവരുടെ താല്‍പര്യത്തിനു വേണ്ടി ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുകയാണെന്നും റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.




Tags:    

Similar News