ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ അനധികൃത കടത്ത്; ഒമ്പത് വാഹനങ്ങള്‍ പിടിച്ചു

ഷാഡോ പോലിസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോന്നി പയ്യനാമണ്ണിലുള്ള ക്രഷറില്‍നിന്നും മെറ്റലിന്റെ പാസ് ഉപയോഗിച്ച് പാറപ്പൊടി കടത്തിയ വാഹനവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.

Update: 2020-05-05 14:34 GMT

പത്തനംതിട്ട: ലോക്ക് ഡൗണിന്റെ മറവില്‍ ചാരായം വാറ്റുന്നതും പച്ചമണ്ണും ക്രഷര്‍ ഉല്‍പ്പന്നങ്ങളും മറ്റും കടത്തുന്നതും കര്‍ശനമായി തടയുന്നതിനുള്ള റെയ്ഡുകള്‍ തുടരുന്നതായി ജില്ലാ പോലിസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇന്നും ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മതിയായ രേഖകളോ അനുമതിപത്രമോ ഇല്ലാതെ ക്രഷര്‍ ഉല്‍പ്പന്നങ്ങളും മെറ്റലും മറ്റും കടത്തിയതിന് പത്തനംതിട്ട, കോന്നി ഭാഗങ്ങളില്‍നിന്നും ഒമ്പതു വാഹനങ്ങള്‍ പിടിച്ചെടുത്തു. ഷാഡോ പോലിസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോന്നി പയ്യനാമണ്ണിലുള്ള ക്രഷറില്‍നിന്നും മെറ്റലിന്റെ പാസ് ഉപയോഗിച്ച് പാറപ്പൊടി കടത്തിയ വാഹനവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടും.

അഞ്ചു ടോറസും നാലുടിപ്പറുകളുമാണ് എസ്‌ഐ റെഞ്ചുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ പോലിസ് സംഘം കസ്റ്റഡിയിലെടുത്ത് പോലിസ് സ്റ്റേഷനുകളില്‍ ഏല്‍പ്പിച്ചത്. ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍ ജോസിന്റെ നിര്‍ദേശപ്രകാരം നടത്തിയ റെയ്ഡില്‍ എസ്‌ഐ രാധാകൃഷ്ണന്‍, എഎസ്‌ഐമാരായ ഹരികുമാര്‍, വില്‍സണ്‍, സിപിഒ ശ്രീജിത്ത് എന്നിവരുണ്ടായിരുന്നു. ചാരായം വില്‍പ്പനക്കായി കൈവശം വച്ചതിന് അടൂര്‍ പോലിസ് ഒരാളെ പിടികൂടി. അടൂര്‍ കോട്ടപ്പുറം താഴത്തേതില്‍ വീട്ടില്‍ രാജേഷി(31) നെയാണ് അടൂര്‍ എസ്‌ഐ അനൂപും സംഘവും അറസ്റ്റ് ചെയ്തത്. വീടിന് സമീപം വില്‍പ്പനയ്ക്ക് നിന്ന ഇയാളില്‍നിന്നും അരലിറ്റര്‍ ചാരായം പിടിച്ചെടുത്തു.

ലോക്ക് ഡൗണ്‍ നിബന്ധനകളില്‍ വരുത്തിയ ഇളവുകള്‍ പ്രകാരം വിവിധ മേഖലകളില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ പാലിക്കപ്പെടുന്നത് ഉറപ്പുവരുത്തും. ലംഘനങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു. ജില്ലയില്‍ തിങ്കള്‍ വൈകീട്ട് നാലു മുതല്‍ ചൊവ്വാഴ്ച വൈകീട്ടു നാലുവരെ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ക്ക് 307 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 315 പേരെ അറസ്റ്റുചെയ്യുകയും 274 വാഹനങ്ങള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. മുഖാവരണം ധരിക്കാതെ പുറത്തിറങ്ങിയ 22 പേര്‍ക്ക് ഇന്നലെ നോട്ടീസ് നല്‍കിയതായും ജില്ലാ പോലിസ് മേധാവി അറിയിച്ചു. 

Tags:    

Similar News