യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമം: അന്വേഷണം സ്തംഭനാവസ്ഥയില്‍
പ്രതികള്‍ എല്ലാം തലസ്ഥാനത്തുണ്ടെന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവില്ലാതെ അവിടെ പരിശോധന നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണു പോലിസ്.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഖില്‍ ചന്ദ്രനെ എസ്എഫ്‌ഐക്കാര്‍ തന്നെ കുത്തിയ വീഴ്ത്തിയ കേസ് ക്രൈംബ്രാഞ്ചിനു കൈമാറാതെ സര്‍ക്കാര്‍. ലോക്കല്‍ പോലിസ് ഇപ്പോഴും കേസ് അന്വേഷിക്കാത്ത സ്ഥിതിയാണുള്ളത്. കേസ് ക്രൈംബ്രാഞ്ചിനു കൈമാറുമെന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ പ്രഖ്യാപിച്ചെങ്കിലും ഒരാഴ്ചയായിട്ടും ഉത്തരവിറക്കിയില്ല.
ഡിജിപിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് വിവരം. സര്‍ക്കാര്‍ അറിയാതെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചതാണ് സ്തംഭനാവസ്ഥയ്ക്കു കാരണമെന്നാണ് പോലിസ് വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, കേസില്‍ മൊത്തം 16 പ്രതികളില്‍ 10 പേരെ ഇനിയും പിടിക്കാനുണ്ട്.
അഖിലിനെ കുത്തി വീഴ്ത്തി 12 ദിവസം പിന്നിട്ടിട്ടും ശേഷിക്കുന്ന പ്രതികളെ പിടിക്കാന്‍ പോലിസ് തയാറായിട്ടില്ല. തിരച്ചില്‍ നടത്താനോ ഒളിവു കേന്ദ്രങ്ങളിലും വസതികളിലും പരിശോധന നടത്താനോ നടപടിയില്ല. 8 പേരുടെ ലുക്ക് ഔട്ട് നോട്ടിസ് കീഴടങ്ങലിന്റെ തലേദിവസമാണു പോലിസ് പുറത്തിറക്കിയത്. അതില്‍ ഉള്‍പ്പെട്ട 3 പേര്‍ ഇനിയും പിടിയിലാകാനുണ്ട്.
പ്രതികള്‍ എല്ലാം തലസ്ഥാനത്തുണ്ടെന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവില്ലാതെ അവിടെ പരിശോധന നടത്താന്‍ കഴിയാത്ത സ്ഥിതിയിലാണു പോലിസ്.