പുരയിടമല്ലാത്ത ഭൂമിയുടെ ഉപയോഗം; റവന്യൂ, കൃഷി, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തീരുമാനമെടുക്കും
തിരുവനന്തപുരം: പുരയിടമല്ലാത്ത ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് റവന്യൂ, കൃഷി, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കുന്നു. ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ഭൂമി വാങ്ങുന്നത് സംബന്ധിച്ച് 2019ല്‍ പുറപ്പെടുവിച്ച വിശദീകരണത്തില്‍ റവന്യൂ രേഖകളില്‍ പുരയിടം എന്ന് രേഖപ്പെടുത്തിയിട്ടുള്ള വസ്തു മാത്രമേ വാങ്ങാവൂ എന്നാണ് വ്യവസ്ഥ. വെറ്റ് ലാന്റ്, തണ്ണീര്‍ത്തടം, നിലം എന്നിവ വാങ്ങാന്‍ പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം സ്ഥലങ്ങള്‍ ലൈഫ് പദ്ധതിയ്ക്കായി തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് വാങ്ങുന്നതിനോ, ഗുണഭോക്താക്കള്‍ക്ക് ധനസഹായം നല്‍കുന്നതിനോ ഉള്ള അനുമതിക്കായി റവന്യൂ, കൃഷി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പരിശോധിച്ച് തീരുമാനമെടുക്കാന്‍ നിര്‍ദേശം നല്‍കുമെന്നാണ് സര്‍ക്കാരിന്റെ തീരുമാനം. മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ സബ്മിഷന് മറുപടി നല്‍കവെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ ഭൂരഹിതരും ഭവനരഹിതരുമായ കുടുംബങ്ങള്‍ക്ക് മാന്യവും സുരക്ഷിതവുമായ ഭവനങ്ങളും ജീവനോപാധികളും ലഭ്യമാക്കുന്നതിനാണ് ലൈഫ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കള്‍ക്ക് ഭൂമിയും ഭവനവും നല്‍കുന്നതിനുവേണ്ടി ലൈഫ് മൂന്നാം ഘട്ടത്തില്‍ സ്വീകരിക്കാവുന്ന പ്രവര്‍ത്തന രീതികള്‍ സംബന്ധിച്ചുള്ള മാര്‍ഗ്ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ഭൂമിയുടെ അളവ് പരിഗണിക്കുമ്പോള്‍ ഭവന സമുച്ചയങ്ങള്‍ക്ക് തന്നെയാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും, വളരെ കുറഞ്ഞ ഗുണഭോക്താക്കള്‍ ഉള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, ഭൂമി കണ്ടെത്താന്‍ കഴിയാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഗുണഭോക്താക്കള്‍ സ്വന്തമായി ഭൂമി ആര്‍ജ്ജിക്കുന്ന രീതിയും തദ്ദേശ സ്ഥാപനങ്ങള്‍ ഭൂമി വാങ്ങിനല്‍കുന്ന രീതിയും അവലംബിക്കാവുന്നതാണെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഭവന സമുച്ചയങ്ങളുടെ നിര്‍മാണ ചെലവ് കണക്കിലെടുക്കുമ്പോള്‍ ആയത് വന്‍തോതില്‍ ഏറ്റെടുക്കുന്നതിന് സാധിക്കില്ല. അതുകൊണ്ട് ഭുരഹിത ഭവനരഹിതര്‍ക്കായി സംഭാവനയായും സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ഭൂമി കണ്ടെത്തുന്നതിന് കഴിഞ്ഞമാസം മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിന്‍ ആരംഭിച്ചതെന്ന് മന്ത്രി പറഞ്ഞു. മനസ്സോടിത്തിരി മണ്ണിന് ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്.
ലൈഫ് പദ്ധതി പ്രകാരമുള്ള ഭവനങ്ങളുടെ നിര്‍മ്മാണത്തിനും കെട്ടിട നിര്‍മ്മാണ അനുമതി ലഭിക്കുന്നതിനും കേരള പഞ്ചായത്ത് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ അല്ലെങ്കില്‍ കേരള മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ബാധകമാണ്. നിലം, നികത്ത് പുരയിടം, വെള്ളക്കെട്ട് സ്ഥലം എന്നിങ്ങനെയുള്ള ഭൂമിയില്‍ മേല്‍പറഞ്ഞ ചട്ട പ്രകാരം നിര്‍മ്മാണ അനുമതി ലഭിക്കാന്‍ പ്രതിബന്ധങ്ങളുണ്ട്. 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവിലുള്ള നെല്‍വയലുകള്‍, തണ്ണീര്‍ത്തടങ്ങള്‍, 1998 ന് ശേഷം നികത്തപ്പെട്ട സ്ഥലങ്ങള്‍ എന്നിവയ്ക്ക് ബാധകമായതിനാല്‍ ഇത്തരം സ്ഥലങ്ങള്‍ ലൈഫ് ഭവന പദ്ധതിക്കായി വാങ്ങുന്നതിന് അനുമതി നല്‍കുന്നതിന് നിയമപരമായി സാധിക്കില്ല.
2018 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ ഭേദഗതി പ്രകാരം റവന്യു രേഖകളില്‍ നിലം എന്ന് രേഖപ്പെടുത്തിയിട്ടുള്ളതും 2008 ന് മുമ്പ് നികത്തപ്പെട്ടതുമായ സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിനായി ഭൂമിയുടെ തരം മാറ്റലിന് റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിച്ച് അനുമതി ലഭ്യമാക്കി ഭവന നിര്‍മ്മാണം നടത്താവുന്നതാണ്. ആ ആനുകൂല്യം ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്കും ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.