ഇരുചക്ര വാഹനങ്ങളില്‍ ഇനി കുട ചൂടി യാത്ര പാടില്ല; ഉത്തരവുമായി ഗതാഗത കമ്മീഷണര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളില്‍ കുട ചൂടിയുള്ള യാത്ര പാടില്ലെന്ന് ഗതാഗത കമ്മീഷണറുടെ ഉത്തരവ്. വാഹനം ഓടിക്കുന്നയാളോ പിന്നിലിരിക്കുന്നയാളോ കുട ചൂടി യാത്ര ചെയ്യുന്നത് ഇനി മുതല്‍ ശിക്ഷാര്‍ഹമാണ്. സംസ്ഥാനത്ത് കുടചൂടിയുള്ള ഇരുചക്രവാഹന യാത്രകളെ തുടര്‍ന്നുള്ള അപകടങ്ങള്‍ വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറത്തിറക്കിയത്. മോട്ടോര്‍ വെഹിക്കിള്‍ ആക്ട് സെക്ഷന്‍ 177.എ പ്രകാരം ഇരുചക്രവാഹനങ്ങളില്‍ കുടചൂടിയുള്ള യാത്ര ശിക്ഷാര്‍ഹമാണ്.
1,000 രൂപ മുതല്‍ 5,000 രൂപ വരെ പിഴ ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. പക്ഷെ, ഈ നിയമം ഇതുവരെ കര്‍ശനമായി നടപ്പാക്കുകയോ നിയമനടപടി സ്വീകരിക്കുകയോ ഉണ്ടായിരുന്നില്ല. മഴക്കാലത്തുള്‍പ്പെടെ ഇരുചക്രവാഹനയാത്രക്കാര്‍ കുട ചൂടി യാത്ര ചെയ്യുന്നത് പതിവാണ്. ഇപ്പോള്‍ അപകടങ്ങള്‍ കൂടുന്ന സാഹചര്യത്തിലാണ് വാഹന പരിശോധനയില്‍ ഇത്തരം യാത്രക്കാര്‍ക്കെതിരെയും നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, ഗതാഗത കമ്മീഷണര്‍ എം ആര്‍ അജിത്കുമാര്‍ പുറത്തിറക്കിയ ഉത്തവില്‍ പിഴയെക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല. ഇരുചക്ര വാഹനങ്ങളിലെ കുട ചൂടിയുള്ള യാത്ര 1988ലെ മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 184 (f) അനുസരിച്ച് ശിക്ഷാര്‍ഹവും, 2017 ലെ മോട്ടോര്‍ വെഹിക്കിള്‍സ് (ഡ്രൈവിങ്) റെഗുലേഷന്‍സിലെ 5 (6), 5 (17) എന്നിവയുടെ ലംഘനമാണെന്നാണ് പുതിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.