മന്ത്രി ഇ പി ജയരാജനെതിരെ അഴിമതി ആരോപണവുമായി വി ടി ബൽറാം

കേരളത്തിന്റെ സ്വന്തം ലാപ്ടോപ് കമ്പനി എന്ന വ്യാജപ്രചരണം നടത്തി വിപണിയിലിറക്കുന്ന കൊക്കോണിക്സ് ലാപ്ടോപ് ചൈനീസ് ഉൽപന്നം ആണെന്ന് വി ടി ബൽറാം നിയമസഭയിൽ ആരോപിച്ചു.

Update: 2020-03-05 09:30 GMT

തിരുവനന്തപുരം: നിയമസഭയിൽ വ്യവസായ മന്ത്രി ഇ പി ജയരാജനെതിരെ അഴിമതി ആരോപണവുമായി വി ടി ബൽറാം എംഎൽഎ. കേരളത്തിന്റെ സ്വന്തം ലാപ്ടോപ് കമ്പനി എന്ന വ്യാജപ്രചരണം നടത്തി വിപണിയിലിറക്കുന്ന കൊക്കോണിക്സ് ലാപ്ടോപ് ചൈനീസ് ഉത്പന്നം ആണെന്ന് വിടി ബൽറാം സഭയിൽ ആരോപിച്ചു.

സ്വകാര്യ കമ്പനികൾക്ക് ലാഭമുണ്ടാക്കുന്ന രീതിയിലാണ് കമ്പനി വ്യവസ്ഥകൾ തയാറാക്കിയിരിക്കുന്നത്. സർക്കാർ കമ്പനി എന്ന് പറയുമ്പോൾ തന്നെ ഓഹരിയിലെ മേധാവിത്വം സ്വകാര്യ കമ്പനികൾക്കാണ്. കെൽട്രോണിന് 26 ശതമാനം മാത്രമാണ് കമ്പനിയിൽ ഓഹരി പങ്കാളിത്തമുള്ളത്. കെഎസ്ഐഡിസിക്ക് 23 ശതമാനം. 49 ശതമാനം യുഎസ്ടി ഗ്ലോബൽ എന്ന ഒറ്റക്കമ്പനിക്കാണ്.ബാക്കി രണ്ട് ശതമാനം ഒരു സ്റ്റാർട്ടപ് കമ്പനിക്കുമാണ് നീക്കിവച്ചിരിക്കുന്നത്.

51 ശതമാനം സ്വകാര്യ മേഖലയിൽ ആയതിനാൽ തത്വത്തിൽ ഇതൊരു സ്വകാര്യ കമ്പനിയാണ്. ഈ ലാപ്ടോപ്പ് നിർമ്മിക്കുകയല്ല മറിച്ചു ചൈനയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പ് ഭാഗങ്ങൾ അസംബിൾ ചെയ്തു പുറത്തിറക്കുന്ന യൂണിറ്റ് മാത്രമാണ്. കേരളത്തിന്റെ ലാപ്ടോപ്പ് ആണെന്ന് പറഞ്ഞു സ്വകാര്യ കമ്പനികൾക്ക് ഭൂമി മറിച്ചു നൽകുകയാണ് വ്യവസായമന്ത്രി ഇ പി ജയരാജൻ ചെയ്യുന്നത്. രണ്ടേകാൽ ഏക്കർ കെൽട്രോൺ ഭൂമിയും മൂന്നര കോടി രൂപ വായ്പ എടുത്തു പുതുക്കി പണിത കെട്ടിടവും കൊക്കോണിക്സ് വേണ്ടിയെന്ന രീതിയിൽ സ്വകാര്യ കമ്പനിക്കു കൈമാറുന്നത്. ഈ ഭൂമികൈമാറ്റത്തിൽ വൻ അഴിമതിയുണ്ടെന്ന് വി ടി ബൽറാം ആരോപിച്ചു.

കെൽട്രോണിനെ ദല്ലാളായി നിർത്തി സർക്കാർ ഭൂമിയും കെട്ടിടവും സ്വകാര്യ കമ്പനിക്കു തീറെഴുതുകയാണ് ചെയ്യുന്നത്. സോഫ്റ്റ് വെയർ കമ്പനിയായ യുഎസ്ടി ഗ്ലോബലിന് ഹാർഡ് വെയർ മേഖലയിൽ അനുഭവ പരിചയമില്ല. ഇതിനായി സർക്കാർ അനുമതി ഇല്ലാതെ കെൽട്രോൺ എംഡി ചൈന യാത്രക്കായി തയാറെടുത്തതും വിവാദമായിരുന്നു. സിസി ടിവി ക്യാമറകൾ സ്ഥാപിക്കാനുള്ള പദ്ധതി സ്വകാര്യ കമ്പനിയായ സിംസിനു കെൽട്രോൺ വഴിയാണ് കൈമാറിയത്. 90 ശതമാനം ലാഭം സ്വകാര്യകമ്പനിക്ക് എടുക്കാവുന്ന രീതിയിലാണ് വ്യവസ്ഥകൾ എഴുതിച്ചേർത്തിരുന്നത്. ഉയർന്ന നിരക്കിൽ കെൽട്രോൺ വഴി സ്വകാര്യ കമ്പനികളെ സഹായിക്കാനാണ് വ്യവസായവകുപ്പ് ശ്രമിക്കുന്നത് എന്ന് വി ടി ബൽറാം പറഞ്ഞു.

Tags:    

Similar News