മദ്യം വാങ്ങാന്‍ വാക്‌സിനോ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധം; പുതിയ മാര്‍ഗനിര്‍ദേശം ഇന്ന് മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിലെ കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. മദ്യശാലകളില്‍നിന്ന് മദ്യം വാങ്ങാന്‍ ഇനി മുതല്‍ ഒരു ഡോസ് വാക്‌സിനെടുത്തതിന്റെ രേഖയോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണെന്നാണ് ബിവറേജസ് കോര്‍പറേഷന്റെ പുതിയ നിര്‍ദേശം. ബുധനാഴ്ച മുതല്‍ ബെവ്‌കോ ഔട്ട്‌ലെറ്റുകളിലടക്കം ഈ നിബന്ധന കര്‍ശനമായി നടപ്പാക്കും. എല്ലാ ഔട്ട് ലെറ്റുകള്‍ക്ക് മുന്നിലും ഇതുസംബന്ധിച്ച നോട്ടീസ് പതിക്കാനും ബിവറേജ് കോര്‍പറേഷന്‍ നിര്‍ദേശം നല്‍കി.
മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മദ്യശാലകള്‍ക്കു മുന്നില്‍ കൂടുതല്‍ പോലിസ് സാന്നിധ്യവുമുണ്ടാവും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, രണ്ടാഴ്ചയ്ക്കു മുമ്പ് ഒരു ഡോസെങ്കിലും എടുത്തവര്‍, 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍, ഒരുമാസം മുമ്പ് കൊവിഡ് വന്നുപോയതിന്റെ സര്‍ട്ടിഫിക്കറ്റുള്ളവര്‍ എന്നിങ്ങനെയാണ് ബെവ്‌കോ മാര്‍ഗനിര്‍ദേശത്തിലുള്ളത്. ഇത് പാലിക്കുന്നവര്‍ക്കു മാത്രമേ മദ്യശാലകളില്‍ പ്രവേശനം അനുവദിക്കൂ.
കടകള്‍ക്കുള്ള മാനദണ്ഡം മദ്യശാലകള്‍ക്കും ബാധകമാക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് ഇന്ന് നിലപാട് വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ കോടതിയില്‍ അറിയിക്കും. കടകളില്‍ സാധനം വാങ്ങാന്‍ പോവുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് റിസള്‍ട്ട് നിര്‍ബന്ധമാക്കിയ നടപടി എന്തുകൊണ്ട് മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് ബാധകമാക്കുന്നില്ലെന്നായിരുന്നു കോടതിയുടെ ചോദ്യം.