വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരം; ഹൃദയത്തിന്റെ പ്രവര്‍ത്തനം സാധാരണഗതിയിലായി
ഇന്നലെ രാത്രിയും ഇന്ന് രാവിലെയും പ്രതികരിക്കുന്നില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. വിളിക്കുമ്പോഴൊക്കെ പ്രതികരിക്കുന്നുണ്ട്. പാമ്പു കടിയേറ്റാല്‍ ഇത്തരത്തില്‍ ആരോഗ്യനിലയില്‍ മാറ്റമുണ്ടായേക്കും. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റതിനാല്‍ വിഷത്തിന്റെ അംശം കൂടുതലാണ്.
കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ചികിൽസിക്കുന്ന ഡോക്ടര്‍. "ആശാവഹമായ പുരഗോതിയുണ്ട്. ഇപ്പോള്‍ വെന്റിലേറ്ററില്‍ തന്നെയാണ് തുടരുന്നത്. ഹൃദയത്തിന്റെ പ്രവര്‍ത്തനവും രക്തസമ്മര്‍ദവും സാധാരണ ഗതിയിലാണ്," ഡോക്ടര്‍ പറഞ്ഞു.
"ഇന്നലെ രാത്രിയും ഇന്ന് രാവിലെയും പ്രതികരിക്കുന്നില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. വിളിക്കുമ്പോഴൊക്കെ പ്രതികരിക്കുന്നുണ്ട്. പാമ്പു കടിയേറ്റാല്‍ ഇത്തരത്തില്‍ ആരോഗ്യനിലയില്‍ മാറ്റമുണ്ടായേക്കും. മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റതിനാല്‍ വിഷത്തിന്റെ അംശം കൂടുതലാണ്. ആരോഗ്യനില വീണ്ടെടുക്കാന്‍ സമയം എടുക്കും," ഡോക്ടര്‍ വ്യക്തമാക്കി.
"നിലവില്‍ അദ്ദേഹം വെന്റിലേറ്ററില്‍ തന്നെയാണ്. അത് തുടരും. ആന്റിബയോട്ടിക്സ് അടക്കമുള്ള മരുന്നുകള്‍ കൊടുക്കുന്നത് തുടരുകയാണ്. ചില കേസുകളില്‍ ആറ് അല്ലെങ്കില്‍ ഏഴ് ദിവസം വരെ ഇതേ രീതിയില്‍ ആരോഗ്യനില തുടര്‍ന്നേക്കാം. മരുന്നുകളോട് രോഗി എത്തരത്തില്‍ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ആരോഗ്യനില വീണ്ടെടുക്കുന്നത്," ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കുറിച്ചിയിൽ മൂർഖനെ പിടികൂടുന്നതിനിടെ കടിയേറ്റ വാവ സുരേഷിനെ തിങ്കളാഴ്ച വൈകുന്നേരമാണ് മെഡിക്കൽ കോളജിലെ ക്രിട്ടിക്കൽ കെയർ ഐസിയുവിൽ പ്രവേശിപ്പിച്ചത്. അതീവ ഗുരുതരാവസ്ഥയിലായിരുന്ന സുരേഷിനെ ആദ്യം കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിൽസക്കായി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
പിടികൂടിയ മൂർഖനെ പാസ്റ്റിക് ചാക്കിലേക്കു മാറ്റാനുള്ള ശ്രമത്തിനിടെയാണ് വാവ സുരേഷിനു കടിയേറ്റത്. തുടയിൽ കടിച്ചുപിടിച്ച പാമ്പിനെ വാവ സുരേഷ് വലിച്ച് വേർപെടുത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചപ്പോൾ തന്നെ വാവ സുരേഷ് ബോധരഹിതനായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.