വീട്ടില്‍ ചാരായം വാറ്റിയ ഗൃഹനാഥന്‍ അറസ്റ്റില്‍
സ്ഥിരം മദ്യപാനിയായ ഇയാള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യഷാപ്പുകള്‍ അടച്ചതോടെയാണ് സ്വന്തമായി വാറ്റാന്‍ തീരുമാനിച്ചത്.
നിലമ്പൂര്‍: ലോക്ക് ഡൗണിനെ തുടര്‍ന്ന് വീട്ടില്‍ ചാരായം വാറ്റ് തുടങ്ങിയ ഗൃഹനാഥന്‍ അറസ്റ്റില്‍. വഴക്കടവ് കമ്പളകല്ല് പാലത്തിങ്ങല്‍ അബ്ദുല്‍ മജീദി(49)നെയാണ് വാറ്റ് ചാരായവുമായി വഴിക്കടവ് പോലിസ് പിടികൂടിയത്. വഴിക്കടവ് എസ്‌ഐ പി അബ്ദുല്‍ ബഷീറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടില്‍ ചാരായം വാറ്റുന്നത് കണ്ടെത്തിയത്.
സ്ഥിരം മദ്യപാനിയായ ഇയാള്‍ ലോക്ക് ഡൗണിനെ തുടര്‍ന്ന് മദ്യഷാപ്പുകള്‍ അടച്ചതോടെയാണ് സ്വന്തമായി വാറ്റാന്‍ തീരുമാനിച്ചത്. അടുത്ത സുഹൃത്തുക്കള്‍ക്ക് രഹസ്യമായി വില്‍പ്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. വാറ്റിന് സഹായികളായവരെ കുറിച്ചും വിവരം കിട്ടിയിട്ടുണ്ട്. വീടിനോട് ചേര്‍ന്ന സ്‌റ്റോര്‍ റൂമില്‍ മണ്ണെണ്ണ സ്റ്റൗവും ബിരിയാണി ചെമ്പ്, മറ്റ് കലങ്ങള്‍, പ്ലാസ്റ്റിക് ജാര്‍ തുടങ്ങിയ ഉപയോഗിച്ചാണ് ചാരായം വാറ്റിയിരുന്നത്. എസ്‌ഐ ബിനു ബി എസ്, ശിവന്‍, എഎസ്‌ഐ ഹരിദാസ്, പോലിസുകാരായ സുധീര്‍, പ്രശാന്ത്, നിതിന്‍, മുഹമ്മദ് ഷെരീഫ്, ദീപ എന്നിവരാണ് റെയിഡില്‍ പങ്കെടുത്തത്. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തു.