ദേശീയപാത വെളിമുക്കില്‍ വാഹനാപകടം; മദ്രസാ അധ്യാപകനും വിദ്യാര്‍ഥിയും മരിച്ചു
മലപ്പുറം: തിരൂരങ്ങാടിക്ക് അടുത്ത് ദേശീയപാത വെളിമുക്കില്‍ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. വേങ്ങര വലിയോറ ഇരുകുളം വലിയാക്ക തൊടി ബാപ്പുട്ടി തങ്ങളുടെ (മുഹമ്മദ് കോയ തങ്ങള്‍) മകന് അബ്ദുള്ള കോയ തങ്ങള്‍ (കുഞ്ഞിമോന്-43), കൂടെയുണ്ടായിരുന്ന ദര്‍സ് വിദ്യാര്‍ത്ഥി കോഴിക്കോട് ബാലുശ്ശേരി കണ്ണാടിപ്പോയില്‍ കരിമ്പയില്‍ കപ്പിക്കുന്നത്ത് സിദ്ധീഖിന്റെ മകന് ഫായിസ് അമീന് (19) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 3.10ന് ആണ് അപകടം. ഓമശ്ശേരി കരിയാം കണ്ടത്തില്‍ ജുമാ മസ്ജിദില്‍ ദര്‍സിലെ അധ്യാപകനാണ് തങ്ങള്‍. ഫായിസ് അമീന് ദര്‍സ് വിദ്യാര്‍ത്ഥി ആണ്. നാട്ടില്‍ വന്നു തിരിച്ചു പോവുകയായിരുന്നു. ബൈക്കും ദോസ്ത് മിനി പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. കാറിനെ ഓവര്‍ടേക്ക് ചെയ്ത പിക്കപ്പ് ബൈക്കില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ പോലിസ് കേസെടുത്തു.