ദേശീയപാതയില്‍ വാഹനങ്ങളുടെ കൂട്ടയിടി: അമ്പലപ്പുഴയില്‍ മണിക്കൂറുകളോളം വന്‍ഗതാഗതക്കുരുക്ക്
സ്വകാര്യ ബസ്സില്‍ ചരക്കുലോറി കൂട്ടിയടിച്ചതോടെയാണ് അപകടങ്ങളുടെ തുടക്കം. തൊട്ടുപിന്നാലെ അപകടത്തില്‍പ്പെട്ട സ്വകാര്യ ബസ്സിന് പിന്നില്‍ മറ്റൊരു കാര്‍ വന്നിടിച്ചു.
ആലപ്പുഴ: ദേശീയപാതയില്‍ അമ്പലപ്പുഴയ്ക്ക് സമീപം വാഹനങ്ങള്‍ കൂട്ടിയിടിയെ തുടര്‍ന്ന് വന്‍ഗതാഗതക്കുരുക്ക്. ബസ്സും ലോറിയും അടക്കം നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചതോടെയാണ് വന്‍ ഗതാഗതസ്തംഭനമുണ്ടായത്. കാക്കാഴം റെയില്‍വേ മേല്‍പ്പാലത്തിന് സമീപം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. സ്വകാര്യ ബസ്സില്‍ ചരക്കുലോറി കൂട്ടിയടിച്ചതോടെയാണ് അപകടങ്ങളുടെ തുടക്കം. തൊട്ടുപിന്നാലെ അപകടത്തില്‍പ്പെട്ട സ്വകാര്യ ബസ്സിന് പിന്നില്‍ മറ്റൊരു കാര്‍ വന്നിടിച്ചു.
ഈ കാറിന് പിന്നില്‍ വേറൊരു ബൈക്കും കൂടി ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും സാരമായ പരിക്കില്ല. ഇടിയുടെ ആഘാതത്തില്‍ സ്വകാര്യ ബസ്സിന്റേയും ലോറിയുടേയും മുന്‍വശം തകര്‍ന്ന നിലയിലാണ്. തിരക്കേറിയ സമയത്തുണ്ടായ അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. ഇതോടെ പോലിസ് ഇടപെട്ട് ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. വാഹനങ്ങള്‍ തീരദേശാപാത വഴി തിരിച്ചു വിട്ടു. പിന്നീട് ക്രെയിന്‍ ഉപയോഗിച്ച് സ്വകാര്യ ബസ് മേല്‍പ്പാലത്തില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചത്.