ചെയ്ത ജോലിയുടെ പണം നല്‍കാതെ കബളിപ്പിക്കുന്നുവെന്ന് ; കൊച്ചി ബിനാലെ ഫൗണ്ടേഷനെതിരെ പരാതിയുമായി കോണ്‍ട്രാക്ടര്‍മാര്‍

നാളുകളെടുത്ത് ചെയ്യേണ്ട ജോലി ഫൗണ്ടേഷന്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം രണ്ടു മാസം കൊണ്ടാണ് മുഴുവന്‍ തീര്‍ത്തത്.സമയം ഒട്ടുമില്ലാതിരുന്നതിനാല്‍ കുടുതല്‍ ജോലിക്കാരെ നിയോഗിച്ച് രാവും പകലും ജോലി ചെയ്താണ് പൂര്‍ത്തിയാക്കിയത്.മുഴുവന്‍ ജോലിയും തീര്‍ത്ത് ഡിസംബര്‍ 20 ന് ബില്ലു കൊടുത്തു.തുടര്‍ന്ന് ബില്ലിന്റെ പണം ചോദിച്ചപ്പോഴെക്കെ ഉടന്‍ തരാമെന്നു പറയുന്നതല്ലാതെ നടപടിയില്ല.

Update: 2019-03-25 12:08 GMT

കൊച്ചി:  ജോലി ചെയ്തവര്‍ക്ക് പണം നല്‍കാതെ കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ അധികൃതര്‍ കബളിപ്പിക്കുന്നുവെന്ന പരാതിയുമായി കോണ്‍ട്രാക്ടര്‍മാര്‍ രംഗത്ത്. കൊച്ചി ബിനാലെയിലെ പ്രധാന വേദികളിലൊന്നായ ആസ്പിന്‍ വാള്‍,കബ്രാള്‍ യാഡ്,പവലിയിന്‍ എന്നിവടങ്ങളിലെ ജോലി ഏറ്റെടുത്ത ചെയ്ത കോണ്‍ട്രാക്ടര്‍മാര്‍ക്കാണ് പണം നല്‍കാതെ കബളിപ്പിക്കുന്നതെന്ന്് ആരോപണം. ഉയര്‍ന്നിരിക്കുന്നത്. നിരവധി തവണ തങ്ങള്‍ കൊച്ചി ബിനാലെ ഫൗണ്ടേഷനെ സമീപിച്ചുവെങ്കിലും ചിലവായ പണത്തിന്റെ പകുതി പണം മാത്രമെ തരാന്‍ കഴിയുവെന്ന നിലപാടാണ് ഫൗണ്ടേഷന്‍ സ്വീകരിക്കുന്നതെന്ന് പ്രധാന കരാറുകാരനായ അപ്പു തോമസ് തേജസ് ന്യൂസിനോട് പറഞ്ഞു. ബിനാലെയുടെ കഴിഞ്ഞ എഡിഷനിലെ ജോലികള്‍, കൊച്ചി മെട്രോയുടെ പില്ലറുകളില്‍ ബിനാലെ ഫൗണ്ടേഷന്‍ നടത്തിയ ജോലികള്‍, ഓഫീസ് നവീകരണം എല്ലാം തങ്ങളാണ് ചെയ്തത്. അപ്പോഴെക്കെ താമസം നേരിടുമായിരുന്നുവെങ്കിലും കൃത്യമായി പണം നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ നാളിതുവരെ പണം തരാന്‍ ഫൗണ്ടേഷന്‍ തയാറായിട്ടില്ലെന്ന് അപ്പു തോമസ് പറഞ്ഞു.

ഒരാ തവണയും ഫൗണ്ടേഷന്റെ ആളുകളെ കണ്ട് ജോലി ആരംഭിക്കുന്നതിന് മുമ്പ് അതിന് ചിലവാകുന്ന പണത്തിന്റെ കാര്യം ധരിപ്പിച്ചിരുന്നു. ഒരു കുഴപ്പവുമില്ല നിങ്ങള്‍ ജോലി ചെയ്തുകൊളളുകയെന്ന് പറഞ്ഞതിനു ശേഷമാണ് തങ്ങള്‍ ജോലി ചെയ്തിരുന്നത്.കഴിഞ്ഞ ഒക്ടോബറിലാണ് തങ്ങള്‍ ജോലി തുടങ്ങുന്നത് ആ സമയത്ത് ഇവരുടെ പക്കല്‍ ഒരു രൂപരേഖയുമില്ലായിരുന്നു.പ്രസിഡന്റോ അല്ലെങ്കില്‍ സെക്രട്ടറിയോ പറയുന്നതനുസരിച്ച് തങ്ങള്‍ ചെയ്യുകയായിരുന്നു.നാളുകളെടുത്ത് ചെയ്യേണ്ട ജോലി ഇവരുടെ നിര്‍ദേശ പ്രകാരം രണ്ടു മാസം കൊണ്ടാണ് മുഴുവന്‍ തീര്‍ത്തത്.സമയം ഒട്ടുമില്ലാതിരുന്നതിനാല്‍ കുടുതല്‍ ജോലിക്കാരെ നിയോഗിച്ച് രാവും പകലും ജോലി ചെയ്താണ് പൂര്‍ത്തിയാക്കിയത്.മുഴുവന്‍ ജോലിയും തീര്‍ത്ത് ഡിസംബര്‍ 20 ന് ബില്ലു കൊടുത്തു.തുടര്‍ന്ന് ബില്ലിന്റെ പണം ചോദിച്ചപ്പോഴെക്കെ ഉടന്‍ തരാമെന്നു പറയുന്നതല്ലാതെ പണം തരുന്നില്ല. ദിവസക്കൂലിക്കു വരെ ജോലി ചെയ്തവര്‍ക്ക് പണം നല്‍കേണ്ടതുണ്ടായിരുന്നു.തുടര്‍ന്ന് തങ്ങള്‍ പണം ആവശ്യപ്പെട്ട് ഇവര്‍ക്ക് ഇ മെയില്‍ അയച്ചു.പ്രസിഡന്റിനും സെക്രട്ടറിക്കും ക്യൂറേറ്ററിനും മെയില്‍ അയച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ കഠിനാധ്വാനം ചെയ്ത് ജോലി പൂര്‍ത്തിയാക്കിയതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞ കുറ്യേറ്റര്‍ തങ്ങള്‍ക്ക് പണം നല്‍കണമെന്ന് അവര്‍ പ്രസിഡന്റിനോടും സെക്രട്ടറിയോടും ആവശ്യപെടുകയും ചെയ്തു.പണം നല്‍കുന്നതിന് തങ്ങള്‍ക്ക് കുറച്ച് നടപടി ക്രമങ്ങള്‍ ഉണ്ട് അതനുസരിച്ച് ചെയ്യാമെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്റ് മറുപടി തന്നുവെങ്കിലും ഒരോരോ കാര്യങ്ങള്‍ പറഞ്ഞ് പണം നല്‍കുന്നത് നീട്ടുക്കൊണ്ടുപോകുകയായിരുന്നുവെന്നും അപ്പു തോമസ് പറഞ്ഞു.

ഇതിനിടയില്‍ വീണ്ടും തങ്ങള്‍ അവരെ സമീപിച്ചപ്പോള്‍ ജോലി ചെയ്തതിന്റെ അളവ് ഒരാളെ നിയോഗിച്ച് സര്‍വേ നടത്താമെന്നു പറഞ്ഞു. അങ്ങനെ ഒരാളെ നിയോഗിച്ച് അളവ് സര്‍വേ എടുത്തു. ചെയ്ത ജോലിയുടെ മൂല്യ നിര്‍ണയം അതില്‍ വിദഗ്ദരയാവരെക്കൊണ്ടു വേണം ചെയ്യിക്കാന്‍. എന്നാല്‍ നീളവും വീതിയും എടുക്കാന്‍ വന്ന വ്യക്തിയെക്കൊണ്ടു തന്നെ ബിനാലെ ഫൗണ്ടേഷന്‍ മൂല്യ നിര്‍ണയവും നടത്തി. ഒരിക്കലും ചെയ്യാന്‍ പാടില്ലാത്തകാര്യമാണ്.അത് അവര്‍ക്കുമറിയാം. കാരണം അളവെടുക്കാന്‍ വരുന്ന വ്യക്തിക്ക് അതിന്റെ മുല്യം അറിയില്ല. ഈ ജോലി ചെയ്തത് എത്ര നാളുകൊണ്ടാണെന്നോ അതിനു പിന്നിലെ ബുദ്ധിമുട്ട് എന്താണെന്നോ എത്ര രൂപ ചിലവായെന്നോ എന്നൊന്നും അറിയില്ല. അദ്ദേഹം തങ്ങള്‍ക്കു ചിലവായ തുകയുടെ പകുതി തുകയിട്ട് റിപോര്‍ട് നല്‍കി. ഇത് അംഗികരിക്കാന്‍ കഴിയില്ലെന്ന് തങ്ങള്‍ പറഞ്ഞു, പുറമെ നിന്നും നോക്കിയപ്പോള്‍ തോന്നിയ ഒരു തുകയിട്ടാണ് അദ്ദേഹം റിപോര്‍ട് കൊടുത്തതെന്നും അപ്പു തോമസ് പറഞ്ഞു.ആസ്പിന്‍ വാളിലെയും കബ്രാള്‍ യാര്‍ഡിലെയും നിര്‍മാണ ജോലിയില്‍ തങ്ങള്‍ക്ക് 2.84 കോടി രൂപയാണ് ചിലവായത്. എന്നാല്‍ ഈ പണം തരാന്‍ പറ്റില്ലെന്നാണ് അവര്‍ പറയുന്നത്. തുടര്‍ന്ന് വീണ്ടും മൂല്യനിര്‍ണയം നടത്താമെന്ന് ബോസ് കൃഷ്ണമാചാരി പറഞ്ഞു.തുടര്‍ന്ന് അദ്ദേഹം ആരെയൊക്കെയോ കൂട്ടി ചെയ്തു.നേരത്തെ അളവുകാരന്‍ നടത്തിയ റിപോര്‍ടിലെ തുകയുടെ കൂടെ ആറു ലക്ഷം കൂടി നല്‍കാമെന്ന്് ബോസ് കൃഷ്മാചാരി പറഞ്ഞു. അംഗീകരിക്കാന്‍ കഴിയില്ലെന്നു തങ്ങള്‍ പറഞ്ഞു. തങ്ങള്‍ക്ക് ചിലവായ തുകയെങ്കിലും ലഭിക്കണം.

നാട്ടില്‍ നിന്നും മൊത്തം കടം വാങ്ങിയാണ് പലര്‍ക്കും പണം കൊടുത്തത്.ചെയ്യുന്ന സമയത്ത്് എല്ലാം ചെയ്‌തോളുവെന്ന് പറഞ്ഞിട്ട്. ചെയ്തു കഴിഞ്ഞപ്പോള്‍ ചെലവായ പണം പോലും നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ല.ചെയ്ത ജോലിയുടെ ന്യായമായ പണം മാത്രം നല്‍കിയാല്‍ മതി. അതിന് അവര്‍ തയാറല്ല.കേരളത്തിനു പുറത്തുള്ളവര്‍ക്ക് നല്‍കാനുള്ള പണം മുഴുവന്‍ അവര്‍ നല്‍കി. നാട്ടിലുള്ളവരെ അവര്‍ കബളിപ്പിച്ചുകൊണ്ടിരിക്കുകയാണ്.തങ്ങള്‍ക്ക് ഒരു കോടി 80 ലക്ഷം രൂപ നല്‍കിയെന്ന് പ്രചരണം നടത്തുന്നുണ്ട്. ഇത് അടിസ്ഥാന രഹിതമാണെന്നും അപ്പു തോമസ് പറഞ്ഞു.ഇതിനെതിരെ തങ്ങള്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും അപ്പു പറഞ്ഞു.ദിവസവും 100 മുതല്‍ 150 തൊഴിലാളികളാണ് ജോലി ചെയ്തത്.അവിടെയുള്ള മുഴുവന്‍ ജോലികളും തങ്ങളെക്കൊണ്ടാണ് ചെയ്യിപ്പിച്ചത്.എന്നിട്ടാണ് ഇപ്പോള്‍ തങ്ങള്‍ക്കു ചിലവായ തുക പോലും നല്‍കില്ലെന്ന് പറയുന്നതെന്നും അപ്പു തോമസ് പറഞ്ഞു.തങ്ങള്‍ക്കു മാത്രമല്ല ഇവിടെ മറ്റു മേഖലിയില്‍ ജോലി ചെയ്ത പലര്‍ക്കും ലക്ഷ കണക്കിന് രൂപ നല്‍കാനുണ്ട്. അവരും തങ്ങളെ സമീപിച്ചിട്ടുണ്ട്.മുന്‍ വര്‍ഷങ്ങളില്‍ കൃത്യമായ പ്ലാനിംഗോടെയാണ് ഇവര്‍ ബിനാലെ ചെയ്തിരുന്നത് എന്നാല്‍ ഇത്തവണ ഒരു ഫിനാന്‍സ് ഡിപാര്‍ട്‌മെന്റോ, ഓഡിറ്റിംങോ പോലുമില്ലെതായാണ് കാര്യങ്ങള്‍ പോയിരുന്നത്.ഇതെല്ലാം തങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.മുന്‍ വര്‍ഷങ്ങളില്‍ തങ്ങള്‍ക്ക് ഇത്തരത്തിലുള്ള ദുരനുഭവമില്ലാതിരുന്നതിനാലാണ് തങ്ങള്‍ കൈയില്‍ നിന്നും പണം മുടക്കി എല്ലാം ചെയ്തിരുന്നതെന്നും അപ്പു പറഞ്ഞു.തങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനായി ജസ്റ്റിസ് ഫ്രം ബിനാലെ 18-19 എന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പേജ് ആരംഭിച്ചിട്ടുണ്ടെന്നും അപ്പു തോമസ് പറഞ്ഞു.


Tags:    

Similar News