പോലിസ് സ്‌റ്റേഷനില്‍ വിജിലന്‍സ് പരിശോധന: എസ്‌ഐയുടെ മേശയില്‍ നിന്നു പിടിച്ചെടുത്തത് കഞ്ചാവ്
വിവിധ കവറുകളിലായി സൂക്ഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവാണ് വിജിലന്‍സ് കണ്ടെടുത്തത്
കാഞ്ഞങ്ങാട്: സംസ്ഥാനത്തെ വിവിധ പോലിസ് സ്‌റ്റേഷനുകളില്‍ ഓപ്പറേഷന്‍ തണ്ടര്‍ എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ വ്യാപക ക്രമക്കേടു കണ്ടെത്തി. കാസര്‍കോട് ബേക്കല്‍ പോലിസ് സ്‌റ്റേഷനിലെ പരിശോധനയില്‍ എസ്‌ഐയുടെ മേശയില്‍ നിന്നു കഞ്ചാവ് കണ്ടെടുത്തു. വിവിധ കവറുകളിലായി സൂക്ഷിച്ചിരുന്ന 250 ഗ്രാം കഞ്ചാവാണ് വിജിലന്‍സ് കണ്ടെടുത്തത്. അനധികൃതമായി സൂക്ഷിച്ച 12 ഗ്രാം സ്വര്‍ണം, 5 മൊബൈല്‍ ഫോണ്‍ തുടങ്ങിയവയും വിജിലന്‍സ് പിടികൂടി. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്കു എഫ്‌ഐആര്‍ പകര്‍പ്പ് സൗജന്യമായി നല്‍കണമെന്നാണു നിയമമെങ്കിലും പലര്‍ക്കും രസീത് പോലും നല്‍കിയിട്ടില്ല. സ്‌റ്റേഷനില്‍ കിടക്കുന്ന നിരവധി വാഹനങ്ങള്‍ നിയമ വിരുദ്ധമായാണ് പിടിച്ചിട്ടിരിക്കുന്നതെന്നും വിജിലന്‍സ് കണ്ടെത്തി. ഇടുക്കി ജില്ലയിലെ 3 പൊലീസ് സ്‌റ്റേഷനുകളില്‍ പോലിസ് ഉദ്യോഗസ്ഥരുടെ കൈയ്യില്‍ കണക്കില്‍ പെടാത്ത പണം കണ്ടെത്തി. സ്‌റ്റേഷന്‍ നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയ കുമ്പള, ബേക്കല്‍ സിഐമാര്‍ക്കെതിരേയും കണ്ണൂരില്‍ മൂന്ന് എസ്എച്ച്ഒമാര്‍ക്കെതിരേയും നടപടിക്കു വിജിലന്‍സ് ശുപാര്‍ശ ചെയ്തു.