പെരുമാറ്റച്ചട്ട ലംഘനം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് വിശദീകരണം നല്‍കും
പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ നോഡല്‍ ഓഫിസറും മീഡിയാ സ്‌ക്രീനിങ് കമ്മിറ്റിയും ജനപ്രാതിനിധ്യനിയമത്തിന്റെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെയും ലംഘനം നടന്നതായി റിപോര്‍ട്ട് നല്‍കിയിരുന്നു.
കാസര്‍ഗോഡ്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നാരോപിച്ച് എല്‍ഡിഎഫ് നല്‍കിയ പരാതിയില്‍ കാസര്‍ഗോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഇന്ന് വിശദീകരണം നല്‍കും. വരണാധികാരി കൂടിയായ കാസര്‍ഗോഡ് ജില്ലാ കലക്ടര്‍ക്കാണ് വിശദീകരണം നല്‍കുക. പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ നോഡല്‍ ഓഫിസറും മീഡിയാ സ്‌ക്രീനിങ് കമ്മിറ്റിയും ജനപ്രാതിനിധ്യനിയമത്തിന്റെയും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെയും ലംഘനം നടന്നതായി റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉണ്ണിത്താനോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.
48 മണിക്കൂറിനകം മറുപടി നല്‍കണമെന്നായിരുന്നു നിര്‍ദേശം. അതേസമയം, ചട്ടം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ നടപടിയെയും നിലപാടിനെയും വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഉണ്ണിത്താന്റെ നിലപാട്. മറുപടി തയ്യാറാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അഡ്വ. ശ്രീധരനെയാണ് ചുമതലപ്പെടുത്തിയത്. പയ്യന്നൂര്‍ അരവഞ്ചാലില്‍ കഴിഞ്ഞ ഞായറാഴ്ച നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ ശബരിമല വിഷയം ഉന്നയിച്ച് ഉണ്ണിത്താന്‍ വോട്ടുചോദിച്ചെന്ന് കാണിച്ച് എല്‍ഡിഎഫ് കാസര്‍ഗോഡ് പാര്‍ലമെന്റ് മണ്ഡലം സെക്രട്ടറി ടി വി രാജേഷ് എംഎല്‍എയാണ് പരാതി നല്‍കിയത്. പ്രസംഗത്തിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു.