വിഴിഞ്ഞം കരാർ: സിഎജിയുടെ വിമർശനങ്ങളെ ശരിവച്ച് ജുഡീഷ്യൽ കമ്മീഷനും
ഭൂമി പണയം വയ്ക്കാൻ അനുമതി നൽകിയത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് കരാറിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷൻ വിലയിരുത്തി.
തിരുവനന്തപുരം: കേരളത്തിന്റെ താൽപര്യത്തിന് എതിരാണ് വിഴിഞ്ഞം തുറമുഖ കരാറെന്ന സിഎജിയുടെ വിമർശനം ശരിവച്ച് ജുഡീഷ്യൽ കമ്മീഷൻ. ഭൂമി പണയം വയ്ക്കാൻ അനുമതി നൽകിയത് സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന് കരാറിനെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷൻ വിലയിരുത്തി. കഴിഞ്ഞ ഡിസംബര്‍ 24നാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പദ്ധതി അവസാനിക്കുമ്പോള്‍ അദാനിക്ക് 20,000 കോടിയോളം നല്‍കുന്നത് അവിഹിത ആനുകൂല്യമാണെന്നും കമ്മീഷന്‍ കണ്ടെത്തി. ആകെ പദ്ധതി തുകയായ 7525 കോടിയില്‍ 2454 കോടി മാത്രമാണ് അദാനി ഗ്രൂപ്പിന് ചെലവാക്കേണ്ടത്. ആ തുക ഭൂമി പണയം വെച്ച് കണ്ടെത്തിയാല്‍ അതിനെ സര്‍ക്കാര്‍ മുതല്‍മുടക്കായി മാത്രമേ കണക്കാക്കാന്‍ കഴിയൂ. കാരണം വായ്പ മുടങ്ങിയാല്‍ നഷ്ടപ്പെടുന്നത് സര്‍ക്കാര്‍ ഭൂമിയാണ്. പദ്ധതി പൂര്‍ത്തിയായി പോകുമ്പോള്‍ 19,555 കോടി രൂപ അദാനിക്ക് നല്‍കുന്ന വിടുതല്‍ ധനസഹായം അധികമായ ആനുകൂല്യമാണെന്നാണ് കമ്മീഷന്‍ നിഗമനം.
പദ്ധതി പ്രദേശത്തെ പോര്‍ട്ട് എസ്റ്റേറ്റ് വികസനത്തിന് നിബന്ധനകളില്ലാതെ അനുമതി നല്‍കിയതും കമ്മീഷന്‍ വിമര്‍ശിക്കുന്നുണ്ട്. കരാര്‍ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണെന്ന വിലയിരുത്താൻ സിഎജി ചൂണ്ടിക്കാട്ടിയ മറ്റു പല കാര്യങ്ങളും ജുഡീഷ്യല്‍ കമ്മീഷനും ശരിവെക്കുന്നു. എന്നാൽ, കരാരില്‍ പിന്നില്‍ അഴിമതിയോ ക്രമക്കേടോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന കമ്മീഷന്റെ നിഗമനം മാത്രമാണ് ഇതിനോടകം പുറം ലോകം ചർച്ച ചെയ്തിരുന്നത്.