ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വിഎസ്; ഇനിയും നിര്‍ത്താറായില്ലേയെന്ന് ഹൈക്കോടതി
മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ ഹരജി തള്ളിയതിനെതിരേ വി എസ് സമര്‍പ്പിച്ച പുന:പരിശോധന ഹരജിയാണ് കോടതി പരിഗണിച്ചത്. അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒരു കേസല്ല ഇതെന്നും അതിനുവേണ്ടി സമയം കളയാനില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സര്‍ക്കാരിനെതിരേ വിമര്‍ശനവുമായി വി എസ് അച്യുതാനന്ദന്‍ ഹൈക്കോടതിയില്‍. കേസ് അട്ടിമറിച്ചെന്നാരോപിക്കുന്ന കേസ് ഇനിയും നിര്‍ത്താറായില്ലെയെന്ന് വി എസ് അച്യുതാനന്ദനോട് ഹൈക്കോടതി ചോദിച്ചു. മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ ഹരജി തള്ളിയതിനെതിരേ വി എസ് സമര്‍പ്പിച്ച പുന:പരിശോധന ഹരജിയാണ് കോടതി പരിഗണിച്ചത്.
അടിയന്തരപ്രാധാന്യത്തോടെ പരിഗണിക്കേണ്ട ഒരു കേസല്ല ഇതെന്നും അതിനുവേണ്ടി സമയം കളയാനില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റ് പ്രാധാന്യമുള്ള കേസുകള്‍ കോടതിക്ക് പരിഗണിക്കാനുണ്ടെന്നും ഇത് കുഴിച്ചുമൂടാന്‍തക്ക കാലഹരണപ്പെട്ട കേസാണെന്നും സര്‍ക്കാരാണ് റിവിഷന്‍ ഹരജി നല്‍കേണ്ടതെന്നും ഹരജി പരിഗണിച്ച കോടതി വ്യക്തമാക്കി.
കേസ് നീട്ടികൊണ്ടുപോവാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വിഎസ്സിന്റെ വാദവും കോടതി പരിഗണിച്ചില്ല. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന വിഎസ്സിന്റെ ആവശ്യവും കോടതി പ്രാഥമിക വാദത്തില്‍തന്നെ തള്ളി. തുടര്‍ന്ന് കേസ് മാര്‍ച്ച് 5ന് പരിഗണിക്കാനായി മാറ്റി.