വാളയാര്‍ കേസ്: പാലക്കാട് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ തുടങ്ങി
രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് തീരുമാനിച്ചത്.
പാലക്കാട്: വാളയാറിലെ ദലിത് സഹോദരിമാരുടെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാലക്കാട് ജില്ലയില്‍ യുഡിഎഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്താന്‍ യുഡിഎഫ് തീരുമാനിച്ചത്. ഇതേ ആവശ്യമുന്നയിച്ച് ഇന്നലെ കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ പാലക്കാട് ഏകദിന ഉപവാസം നടത്തിയിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് സമരം ഉദ്ഘാടനം ചെയ്തത്. അന്വേഷണം പ്രഖ്യാപിക്കുംവരെ സമരമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
അന്വേഷണം ആവശ്യപ്പെട്ട് അട്ടപ്പളളം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ റിലേ സത്യഗ്രഹം തുടരുകയാണ്. ഇതേ ആവശ്യമുന്നയിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രയ്ക്ക് നാളെ വാളയാറില്‍ തുടക്കമാവും. അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ കുടുംബം ഹൈക്കോടതിയെ സമീപിക്കുന്നുണ്ട്. നേരത്തെ ഇക്കാര്യം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹരജി ഹൈക്കോടതി തള്ളിയിരുന്നു. പെണ്‍കുട്ടികളുടെ കുടുംബത്തിന് സിബിഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ലെന്ന് കുടുംബത്തിന് മുഖ്യമന്ത്രി ഉറപ്പുംനല്‍കിയിട്ടുണ്ട്.