ന്യൂനമര്‍ദ്ദം രൂപം കൊള്ളാന്‍ സാധ്യത; 14 മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്
മെയ് 13 നോട് കൂടി തന്നെ അറബിക്കടല്‍ പ്രക്ഷുബ്ധമാവാനും കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. ആയതിനാല്‍ മെയ് 13 പുലര്‍ച്ചെ 12 മണി മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മെയ് 12 അര്‍ദ്ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തണം.
കൊച്ചി: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ മെയ് 14 ഓടു കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടുതല്‍ ശക്തി പ്രാപിച്ച് ന്യൂനമര്‍ദം ഒരു ചുഴലിക്കാറ്റായി മാറിയേക്കാമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 13 നോട് കൂടി തന്നെ അറബിക്കടല്‍ പ്രക്ഷുബ്ധമാവാനും കടലില്‍ ശക്തമായ കാറ്റും മോശം കാലാവസ്ഥയും രൂപപ്പെടാനും സാധ്യതയുണ്ട്. ആയതിനാല്‍ മെയ് 13 പുലര്‍ച്ചെ 12 മണി മുതല്‍ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് മറിച്ചൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു.
നിലവില്‍ ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികള്‍ മെയ് 12 അര്‍ദ്ധരാത്രിയോട് കൂടി തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്തേക്ക് എത്തണം. ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിലേര്‍പ്പെട്ടു കൊണ്ടിരിക്കുന്ന മല്‍സ്യത്തൊഴിലാളികളിലേക്ക് ഈ വിവരം എത്തിക്കാന്‍ വേണ്ട നടപടികള്‍ ഉടനടി സ്വീകരിക്കാന്‍ ദുരന്ത നിവാരണ അതോറിറ്റി ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചു.
നിലവില്‍ പ്രവചിക്കപ്പെട്ടിരിക്കുന്ന ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ലെങ്കിലും ന്യൂനമര്‍ദ രൂപീകരണ ഘട്ടത്തില്‍ ശക്തമായ കടലാക്രമണവും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ട്. ഇവ മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും സ്വീകരിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകളും നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.